ജില്ലയിലെ മലൈപണ്ടാരം ഗോത്രകുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന മലൈപണ്ടാരം സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായ പാചക വൈദഗ്ധ്യ, കൊട്ട നിര്‍മാണ പരിശീലനങ്ങള്‍ക്ക് മൂഴിയാര്‍ സായിപ്പന്‍കുഴി ഊരില്‍ തുടക്കമായി. സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും നല്‍കുന്ന ഭക്ഷ്യകിറ്റിലെ ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പൂര്‍ണ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സ്വന്തമായി പാചകം ചെയ്യുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരിശീലനം.

മുള, ചൂരല്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള കരകൗശല ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണെന്നതിനാല്‍ ഗോത്ര കുടുംബങ്ങള്‍ക്ക് അധികവരുമാനം കണ്ടെത്തുന്നതിന് സാധിക്കും. കുടുംബശ്രീയുടെ വിവിധ മാര്‍ക്കറ്റിംഗ് പിന്തുണയും ഗവി ടൂറിസവുമായി ബന്ധപെട്ട് വിപണന സൗകര്യവുമൊരുക്കും.

കരകൗശല, പാചക വിദഗ്ദ്ധരോടൊപ്പം ഗോത്ര വിഭാഗത്തിലെ അംഗങ്ങളെ കൂടെ ഫാക്കല്‍റ്റിയായി ഉള്‍പ്പെടുത്തിയുള്ള സാമൂഹ്യ പഠനകളരിയായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഗോത്ര കുടുംബത്തിലെ മുതിര്‍ന്ന അംഗം ലീലാമ്മയാണ് പരിശീലനത്തിന് ആദ്യഘട്ടത്തില്‍ നേതൃത്വം നല്‍കുന്നത്. സീതത്തോട് പഞ്ചായത്ത് അംഗം ശ്രീലജ അനില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ (ട്രൈബല്‍) ടി.കെ ഷാജഹാന്‍ പദ്ധതി വിശദീകരണം നടത്തി.