ഭക്ഷണം പാഴാക്കുന്നതിനെതിരെയുള്ള സന്ദേശം പറഞ്ഞ തൃശൂരിന്റെ മൂകാഭിനയത്തിന് ഒന്നാം സ്ഥാനം. സംസ്ഥാന റവന്യൂ കലോത്സവം ടൗൺഹാൾ വേദിയിൽ നടന്ന മൈം മത്സരത്തിലാണ് ഒന്നാമതെത്തി ജില്ല അഭിമാനം ഉയർത്തിയത്.
മനുഷ്യന് വെള്ളവും വായുവും പോലെ പ്രാഥമികാവശ്യങ്ങളിലൊന്നാണ് ഭക്ഷണം എന്ന ആശയത്തെ ശരീരാവയവങ്ങളുടെ ചലനങ്ങൾ മുഖേന പ്രതിഫലിപ്പിച്ചാണ് തൃശൂർ നേട്ടം സ്വന്തമാക്കിയത്.
“ഭക്ഷണം കഴിഞ്ഞ് വയറ് നിറഞ്ഞ ശേഷം മിച്ചഭക്ഷണം ചവറ്റുകുട്ടയില്‍ വലിച്ചെറിയും മുൻപ് ഒരു നിമിഷം എങ്കിലും ഈ ചിത്രം നിങ്ങള്‍ ഓര്‍ക്കണം. ഇവര്‍ക്ക് കൂടി അവകാശപ്പെട്ട ഭക്ഷണമാണ് നിങ്ങള്‍ പാഴാക്കി കളയുന്നത്” എന്ന ഓർമ്മപ്പെടുത്തലായിരുന്നു തൃശൂർ ജില്ലാ ടീമിന്റെ മൈം.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹതാപമല്ല സമൂഹത്തിന്റെ അംഗീകാരമാണ് ആവശ്യമെന്ന സന്ദേശ മൈമിലൂടെ അവതരിപ്പിച്ച കാസർകോട് ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങൾ സമൂഹത്തിനെ ഓർമ്മപ്പെടുത്തുക കൂടിയായിരുന്നു കാസർകോട്.
നിത്യജീവിതത്തിലെ അമിത മൊബൈൽ ഉപയോഗത്തെ അവതരിപ്പിച്ച് കണ്ണൂർ ജില്ല മൂന്നാം സ്ഥാനം സ്വന്തമാക്കി. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കൊണ്ടുണ്ടാകുന്ന ദോഷഫലങ്ങൾ മൂകാഭിനയത്തിലൂടെ മികവുറ്റതാക്കാൻ കണ്ണൂരിനായി. സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം പറഞ്ഞ തിരുവനന്തപുരം ജില്ലയും മൂന്നാം സ്ഥാനം പങ്കിട്ടു.
സമകാലിക വിഷയങ്ങൾ അവതരിപ്പിച്ചാണ് സംസ്ഥാന റവന്യൂ കലോത്സവത്തിലെ മൂകാഭിനയ മത്സരം ശ്രദ്ധ നേടിയത്.
11 മൂകാഭിനയ കലാസംഘങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. സമൂഹം ഇന്ന് നേരിടുന്ന വിവിധ വിഷയങ്ങൾ അതിന്റെ പ്രാധാന്യത്തോടെ വേദിയിൽ എത്തിക്കാൻ ടീമുകൾക്കായി എന്നതാണ് മത്സരത്തെ വേറിട്ടതാക്കിയത്. ട്രാൻസ്ജെന്റേഴ്സിനോടുള്ള അവഗണന മുതൽ ജല സംരക്ഷണം വരെ മൈമിന് പ്രമേയമായി. വൈവിധ്യങ്ങളാൽ നിറഞ്ഞ ഇന്ത്യയുടെ ഒരുമയും മൈമിൽ പ്രതിഫലിച്ചു.
ടീമുകളിൽ ഏറ്റവും ശ്രദ്ധേയമായത് ആലപ്പുഴ ജില്ലയിലെ പറവൂർ വില്ലേജ് ഓഫീസർ എസ് സജിത്തിന്റെ ഏകമൂകാഭിനയമാണ്.