തൃശൂരിന്റെ നവഭാരത കഥയ്ക്ക് ഒന്നാം സ്ഥാനം

വർത്തമാനകാല സാമൂഹ്യ യാഥാർത്ഥ്യങ്ങളും നല്ല നാളെയുടെ പ്രതീക്ഷകളും രംഗഭാഷയിൽ പ്രേക്ഷകരോട് പങ്കുവെച്ച് സംസ്ഥാനതല റവന്യൂ കലോത്സവ വേദിയിലെ നാടക മത്സരം.തൃശൂർ ജില്ല അവതരിപ്പിച്ച ‘നവ ഭാരത കഥ’ എന്ന നടകത്തിനാണ് മത്സരത്തിൽ ഒന്നാം സ്ഥാനം. മികച്ച അഭിനേതാക്കളായി നവഭരത കഥയിലെ പ്രശാന്ത് നാരായൺ, റോമി ചന്ദ്രമോഹൻ എന്നിവരെ തിരഞ്ഞെടുത്തു.

കണ്ണൂർ ജില്ലയുടെ അച്ഛൻ, കാസർകോട് ജില്ലയുടെ ആണി എന്നീ നാടകങ്ങൾ രണ്ടാം സ്ഥാനം പങ്കുവെച്ചു. ആലപ്പുഴ ജില്ലയുടെ ഒടുവിൽ നാരായണൻ, തൃശൂർ ജില്ലയുടെ ഭീമ ഘടോൽഖജ ബൊമ്മലാട്ടം മൂന്നാം സ്ഥാനത്തിന് അർഹമായി. സമകാലിക രാഷ്ട്രീയ സംഭവങ്ങൾ പ്രതീകാത്മകമായി കോർത്തിണക്കിയതായിരുന്നു തൃശൂർ ജില്ലയുടെ ‘നവഭാരത കഥ’.

റവന്യൂ ജീവനക്കാരുടെ സർഗശേഷിയിൽ പിറന്ന മികച്ച നിലവാരമുള്ള നിരവധി നാടകങ്ങൾക്കാണ് മത്സരത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് തീയറ്റർ സാക്ഷിയായത്. മതസൗഹാർദ്ധം, രാഷ്ട്രീയ വിമർശനം, അന്തവിശ്വാസങ്ങൾ, അടിസ്ഥാനവർഗ ജീവിതം, സ്ത്രീ സുരക്ഷ, തുടങ്ങിയ വിഷയങ്ങൾ നാടകങ്ങൾക്ക് പ്രമേയമായി.

തിരക്കിട്ട ഉദ്യോഗസ്ഥ ജീവിതത്തിനിടയിലും ഉള്ളിലെ സർഗശേഷിയെ ഉടവ് പറ്റാതെ സംരക്ഷിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞതിന്റെ ദൃഷ്ടാന്തമാണ് നാടകങ്ങളുടെ ഉയർന്ന നിലവാരം എന്ന് നാടകപ്രേമികൾ സാക്ഷ്യപ്പെടുത്തുന്നു.