ദാമ്പത്യ ജീവിതത്തിലെ ഒരുമ അരങ്ങിലും എത്തിച്ച് ദമ്പതികൾ. സംസ്ഥാന റവന്യൂ കലോത്സവ വേദിയാണ് അത്യപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷിയായത്. മൂകാഭിനയം, സിനിമാറ്റിക് ഡാൻസ് എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ വിജയം നേടിയാണ് ദമ്പതികൾ പൂരനഗരിയിൽ നിന്ന് മടങ്ങുന്നത്.

റവന്യൂ കലോത്സവത്തിന്റെ ഇരു വേദികളിലായി ഒരേ ദിവസം പ്രകടനം കാഴ്ച്ച വച്ചത് തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ദമ്പതികളാണ്. ലാന്റ് അക്വസിഷൻ വിഭാഗത്തിലെ സീനീയർ ക്ലർക്കായ സുനിൽ ബാബുവും ക്ലർക്ക് ആയ സാന്ദ്രയുമാണ്
പ്രകടനങ്ങളിലൂടെ കലോത്സവത്തിന്റെ ശ്രദ്ധാകേന്ദ്രമായത്.

പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിൽ നടന്ന സിനിമാറ്റിക് ഡാൻസിൽ ചടുലമായ നൃത്ത ചുവടിലൂടെ സാന്ദ്ര വേദി കീഴടക്കിയപ്പോൾ ടൗൺഹാളിൽ നടന്ന മൂകാഭിനയത്തിലൂടെ സുനിൽ സദസിനെ ചിന്തിപ്പിച്ചു. സിനിമാറ്റിക് ഡാൻസിൽ സാന്ദ്ര എ ഗ്രേഡ് സ്വന്തമാക്കിയപ്പോൾ മൂകാഭിനയത്തിൽ കണ്ണൂരിന് ഒപ്പം മൂന്നാം സ്ഥാനം പങ്കിട്ടാണ് സുനിൽ തലസ്ഥാനത്തിന്റെ അഭിമാനം ഉയർത്തിയത്. സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചാണ് സുനിൽ സമ്മാനം സ്വന്തമാക്കിയത്.