തിരുവാതിരക്കളിയിൽ ജില്ലാ കലക്ടറുടെ സംഘം ഒന്നാമത്

ലാളിത്യത്തിൽ തെളിഞ്ഞ തിരുവാതിരയുടെ ലാസ്യ സൗന്ദര്യം ഭാവതാളങ്ങളിൽ നിറച്ച് ജില്ലാ കലക്ടർ ഹരിത വി കുമാറും സംഘവും വേദി കീഴടക്കിയപ്പോൾ ജില്ലയുടെ പോയിന്റ് പട്ടികയിൽ വീണ്ടുമൊരു ഒന്നാം സ്ഥാനം. തേക്കിൻകാട് മൈതാനിയിൽ നടന്ന തിരുവാതിരക്കളി മത്സരത്തിലാണ് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം ഒന്നാം സ്ഥാനം നേടിയത്. കലക്ടർക്കൊപ്പം തൃശൂരിന്റെ റോമി ചന്ദ്രമോഹനും ഒന്നിച്ച് കൈകോർത്തപ്പോൾ ജില്ലയ്ക്ക് ഒന്നാം സ്ഥാനം എളുപ്പത്തിൽ സ്വന്തമായി.

ഇഞ്ചോടിഞ്ച് മത്സരം നടന്ന തിരുവാതിരക്കളിയിൽ രണ്ടാം സ്ഥാനം തൃശൂരിലെ ഒന്നാം വിഭാഗം ടീമും കണ്ണൂരും പങ്കിട്ടു. എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സ്കൂൾ കലോത്സവ വേദികളിലെ അടുക്കും ചിട്ടയും ഓർമ്മപ്പെടുത്തും വിധമായിരുന്നു റവന്യൂ ഉദ്യോഗസ്ഥരുടെ തിരുവാതിരക്കളി മത്സരം. ഗണപതി, സരസ്വതി സ്തുതികൾ, തുടങ്ങി കുറത്തി -വഞ്ചിപ്പാട്ട്, കുമ്മിയടി, മംഗളം എന്നിവ ചേർന്ന് കേരള തനിമ വിളിച്ചോതുന്ന ഗാനങ്ങളും അതിനൊത്ത ലളിത ചുവടുകളും താളങ്ങളുമായി ഓരോ ടീമുകളും ഒന്നിനൊന്ന് മികച്ചതായി.

സിനിമ – സീരിയൽ താരം രമാദേവി, കലാക്ഷേത്ര പ്രസന്ന , ആർ എൽ വി മിഷ എന്നിവരായിരുന്നു വിധികർത്താക്കൾ.