സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ വാണിയക്കാട് ബാലസഭാ കുട്ടികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പും കുട്ടികളുടെ നാടകവും നടന്നു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു.

കൃഷിയിടത്തില്‍ കൃഷിയാരംഭിക്കുന്നതു മുതല്‍ വിളവെടുപ്പുവരെ പഠിച്ച കാര്യങ്ങളാണ് കുട്ടികള്‍ നാടകമായി അവതരിപ്പിച്ചത്. സൂര്യനും ഭൂമിയും മണ്ണും ജലവും വായുവും കുമ്മായവും ഹരിതകഷായവും ഫിഷ് അമിനോ ആസിഡും ചാണകവും ആല്‍മരവുമൊക്കെ കഥാപാത്രങ്ങളായി ജനങ്ങള്‍ക്കു മുന്നിലെത്തി. വഴുതനയും പാവയ്ക്കയും തക്കാളിയും പച്ചമുളകുമൊക്കെ കാഴ്ച്ചക്കാരെ കൗതുകമുണര്‍ത്തുന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ടു.

കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും ഇതിവൃത്തമാക്കിയ കുട്ടികളുടെ നാടകത്തിലൂടെ ഒഴിവുസമയത്ത് കൃഷിയും കലയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ബഹുജന പങ്കാളിത്തത്തോടെയാണ് കുട്ടികളുടെ കാര്‍ഷിക സംസ്‌കൃതിക്ക് തിരിതെളിഞ്ഞത്.

ഗ്രാമ പഞ്ചായത്തംഗം എ.എ സുമയ്യ ടീച്ചര്‍, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, കുടുംബശ്രീ എ.ഡി.എസ് സിജു സാജു, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.