സ്‌കൂളുകളിലെ ശുചിത്വ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരത്തിന് അര്‍ഹമായ സ്‌കൂളുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ നിര്‍വഹിച്ചു. അര്‍ബന്‍ വിഭാഗത്തില്‍ ആര്‍മി പബ്ലിക് സ്‌കൂളും, പാപ്പനംകോടും എച്.എസ് എല്‍.പി.എസും പുരസ്‌കാരം നേടി. അയിരൂര്‍ എം.ജി.എം മോഡല്‍ സ്‌കൂള്‍ , വിളപ്പില്‍ശാല ഗവണ്‍മെന്റ് യു.പി.എസ്, പടനിലം ഗവണ്‍മെന്റ് എല്‍.പി.എസ്, മടത്തുവാതുക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ് എന്നീ വിദ്യാലയങ്ങള്‍ക്കാണ് റൂറല്‍ വിഭാഗത്തിലെ പുരസ്‌കാരം. ഇതില്‍ ആര്‍മി പബ്ലിക് സ്‌കൂള്‍, എം.ജി.എം മോഡല്‍ സ്‌കൂള്‍ അയിരൂര്‍ എന്നിവ ഫൈവ് സ്റ്റാര്‍ റേറ്റിംഗും ബാക്കിയുള്ളവ ഫോര്‍ സ്റ്റാര്‍ റേറ്റിംഗും നേടി.

ക്ലാസ് മുറികളിലെയും പരിസരങ്ങളുടെയും ശുചിത്വം, കുട്ടികള്‍ക്കുള്ള ശുചിമുറി, കുടിവെള്ള സംവിധാനം, കുട്ടികളിലെ കോവിഡ് പ്രതിരോധം,  മാസ്‌ക് ഉപയോഗം, ഹാന്‍ഡ് വാഷ് തുടങ്ങിയ 68 ഇനങ്ങള്‍ പരിശോധിച്ചാണ് സ്‌കൂളുകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. ജില്ലയില്‍ 112 സ്‌കൂളുകളാണ് പുരസ്‌കാരത്തിന് അപേക്ഷിച്ചത്. ഇതില്‍ 75 ശതമാനത്തിന് മുകളില്‍ പോയിന്റ് നേടി ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ ആറ് സ്‌കൂളുകളെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍ എസ്, അവാര്‍ഡിന് അര്‍ഹരായ സ്‌കൂള്‍ പ്രതിനിധികള്‍, വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.