ആലടിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പന്‍കോവില്‍ പിഎച്ച്‌സി ജില്ലാ വികസന കമ്മീഷണര്‍ (ഡിഡിസി) അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു. നിലവില്‍ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പിഎച്ച്‌സിയ്ക്കായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 63 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. കെട്ടിടം നിര്‍മ്മിക്കുന്നതിനും മറ്റുമായുള്ള തുടര്‍നടപടികള്‍ക്ക് ഫണ്ട് അനുവദിക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ അറിയിച്ചിട്ടുണ്ട്. ഫണ്ട് അനുവദിച്ചു കിട്ടുന്നതനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കും. പിഎച്ച്‌സിയുടെ പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ ബിനോജ്, മെഡിക്കല്‍ ഓഫിസര്‍ തുടങ്ങിയവര്‍ ഡിഡിസിക്കൊപ്പം ഉണ്ടായിരുന്നു.