ഇടുക്കി ജില്ലയില്‍ ജി-37 വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (അച്ചന്‍കാനം), ജി-21 രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (കുംഭപ്പാറ), എന്നീ രണ്ട് വാര്‍ഡുകളില്‍ 2022 ജൂലൈ 21 ന് ഉപ തിരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 2. നാമനിര്‍ദ്ദേശപത്രികകളുടെ സൂഷ്മപരിശോധന 2022 ജൂലൈ 4 ന് നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 6 ആണ്. വോട്ടെടുപ്പ് 2022 ജൂലൈ21 ന് രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 06.00 വരെയാണ്. വോട്ടെണ്ണെല്‍ 2022 ജൂലൈ 22 ന് രാവിലെ 10.00 മുതല്‍ ആരംഭിക്കും.

വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ലെ വോട്ടെണ്ണല്‍ കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാളില്‍ വച്ചും, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ലെ വോട്ടെണ്ണല്‍ സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, 2022 ജൂലൈ 22 ന് രാവിലെ 10.00 മുതല്‍ ആരംഭിക്കും. നാല് ബൂത്തുകള്‍ വോട്ടെണ്ണലിന് സജ്ജീകരിച്ചതായും ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെക്കേണ്ട തുക വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്തിലേയ്ക്ക് ഒരു സ്ഥാനര്‍ത്ഥി കെട്ടിവയ്‌ക്കേണ്ട തുക 2000/ രൂപയും, ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 25000/ രൂപയുമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പെട്ട സ്ഥാനാര്‍ത്ഥികള്‍ നിശ്ചയിച്ചിട്ടുള്ള തുകയുടെ അന്‍പതു ശതമാനം മാത്രം കെട്ടി വച്ചാല്‍ മതിയാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.