കേരളം ഉയർത്തിപ്പിടിക്കുന്ന സഹജാവബോധത്തിലും പരസ്പര സഹകരണത്തിലുമൂന്നിയ വികസനക്ഷേമ മാതൃകകളുടെ ദൃഷ്ടാന്തമാണു മെഡിസെപ് പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തു സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയായ മെഡിസെപ്, രാജ്യത്ത് സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവിയിലേക്കു കേരളത്തെ എത്തിക്കുന്നതിനു കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മെഡിസെപ് സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ സുരക്ഷ ഒരുക്കുന്നതിന്റെ വലിയ ഘടകമാണ് ആരോഗ്യ സുരക്ഷയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാംനിര, മൂന്നാംനിര രോഗങ്ങളുടെ തോത് സംസ്ഥാനത്ത് ഉയർന്നു നിൽക്കുകയാണ്. ഇതുമൂലം ചികിത്സാ ചെലവിലും സ്വാഭാവിക വർധനവുണ്ടാകും. പൊതുജനാരോഗ്യ സംവിധാനം മികവുറ്റതാക്കിയാണു സർക്കാർ ഇതിനെ നേരിടുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ആശ്വാസം ഉറപ്പുവരുത്തേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്ത നിർവഹണത്തിന്റെ ഭാഗമാണു മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി. ക്ഷേമ പ്രവർത്തനങ്ങളിൽനിന്നു സർക്കാർ പിൻവാങ്ങണമെന്നൊരു വാദഗതി ശക്തമായി ഉയരുന്നകാലമാണിത്. അതിന്റെ അലയൊലികൾ നമ്മുടെ രാജ്യത്തും നിലനിൽക്കുന്നുണ്ട്. എന്നാൽ അതല്ല കേരളം നടപ്പാക്കുന്ന നയം. വ്യത്യസ്തമായ ബദൽ കേരളം പല രംഗത്തും നടപ്പാക്കുന്നുണ്ട്. ആരോഗ്യ സുരക്ഷാ മേഖലയിലും ആ ബദൽ നയംതന്നെയാണു സ്വീകരിച്ചിരിക്കുന്നത്.

പദ്ധതികളുടെ ഗുണഫലങ്ങൾ പരമാവധി ആളുകളിലേക്കെത്തിക്കാനാണു സർക്കാർ ശമിക്കുന്നത്. ആ കാഴ്ചപ്പാടോയൊണു മെഡിസെപ് പദ്ധിയും ആരംഭിക്കുന്നത്. തദ്ദേശസ്വയംഭരണം ഉൾപ്പടയുള്ള വിവിധ വകുപ്പുകളിൽ ശുചീകരണ ജോലി ചെയ്യുന്ന പാർട്ട്ടെം ജീവനക്കാരെ മെഡിസെപ്പിൽ അംഗങ്ങളാക്കിയിട്ടുണ്ട്. മെഡിക്കൽ റീഇംബേഴ്സമെന്റിന്റെ ആനുകൂല്യങ്ങൾ ഈ വിഭാഗത്തിന് ഇതുവരെ ലഭ്യമായിരുന്നില്ല. അരലക്ഷത്തിലേറെ ജീവനക്കാർക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പൂർണമായും പണം ഒഴിവാക്കിയുള്ള ചികിത്സാ സൗകര്യമാണു മെഡിസെപ്പിലുള്ളത്. സംസ്ഥാനത്തിനുള്ളിലുള്ളതിനു പുറമേ സംസ്ഥാനത്തിനു പുറത്തെ പ്രധാന നഗരങ്ങളിലെ 15ൽപ്പരം ആശുപത്രികളിൽ ഇപ്പോൾ ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും അവയവമാറ്റ ശസ്ത്രക്രിയ സൗകര്യമുള്ള ഒരു ആശുപത്രിയെങ്കിലും മെഡിസെപ്പിന്റെ ഭാഗമായുണ്ട്. മെഡിസെപ് നടപ്പിൽവന്നതിനു ശേഷവും സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇപ്പോൾ ലഭിക്കുന്ന സൗജന്യ ഒപി ചികിത്സാ സഹായം തുടരും. നിലവിലുള്ള രീതിയിൽ ഒപി ചികിത്സാ ബില്ലുകളും ഡോക്ടർ സർട്ടിഫിക്കറ്റും അടക്കമുള്ള രേഖകൾ ഹാജരാക്കിയാൽ ചെലവ് സർക്കാർ മടക്കിനൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തര ഘട്ടങ്ങളിൽ എംപാനൽചെയ്യപ്പെട്ടിട്ടില്ലാത്ത ആശുപത്രികളിലും ഇൻഷ്വറൻസ് സേവനം ലഭ്യമാക്കും. അവയവമാറ്റ ചകിത്സയ്ക്കു പ്രത്യേക തുക അനുവദിക്കും. ഇതിനായി 35 കോടി രൂപയിൽ കുറയാത്ത കോർപ്പസ് ഫണ്ട് രൂപീകരിക്കും. സർക്കാർ ജീവക്കാരുടെ പങ്കാളി, അവരെ മാത്രം ആശ്രയിച്ചു കഴിയുന്ന അച്ഛനമ്മമാർ, മക്കൾ എന്നിവർക്കാണ് ഇൻഷ്വറൻസിന് അർഹത. കുടുംബത്തിലെ മറ്റു സർക്കാർ ജീവനക്കാരോ പെൻഷൻ വാങ്ങുന്നവരോ ആശ്രിതരല്ല. ഇവർക്ക് പദ്ധതിയിൽ ചേരാൻ പ്രത്യേകമായിത്തന്നെ അർഹതയുണ്ട്. മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമായവരുടെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഇൻഷ്വറൻസ് ലഭ്യമാക്കുന്നതിൽ പ്രായപരിധി ഏർപ്പെടുത്തിയിട്ടില്ല. ഭിന്നശേഷി  സൗഹൃദ സംസ്ഥാനമെന്ന നിലയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം ഇത്തരം ചുവടുവയ്പ്പുകൾകൂടി ചേർന്നതാണ്.

ജീവനക്കാരുടേയും പെൻഷൻകാരുടേയും പ്രീമിയം തുക മുൻകൂറായി ഇൻഷ്വറൻസ് കമ്പനിക്കു സർക്കാർ നൽകിയാണു പദ്ധതി നടപ്പാക്കുന്നത്.  ഈ തുക 12 ഗഡുക്കളായി ശമ്പളത്തിൽനിന്നും പെൻഷനിൽനിന്നും തിരിച്ചുപിടിക്കും. പ്രതിമാസ വിഹിതം 500 രൂപയാണ്. പദ്ധതിക്കെതിരായുണ്ടായ എല്ലാ വെല്ലുവിളികളേയും തരണംചെയ്താണു മെഡിസെപ് യാഥാർഥ്യമാക്കുന്നത്. പദ്ധതിക്കെതിരേ അനാവശ്യ വിവാദങ്ങൾ ചില സ്ഥാപിതതാത്പര്യക്കാർ ഉയർത്തിയിട്ടുണ്ട്. ഇവരെ ജനം സ്വാഭാവികമായും തള്ളിക്കളയും. ദുഷ്ടലാക്കോടെയുള്ള ഇത്തരം പ്രചാരണത്തിൽ ആദ്യത്തേത് പ്രീമിയമായി നൽകുന്ന തുക സംബന്ധിച്ചാണ്. ഒരു വർഷം നൽകേണ്ട പ്രീമിയം 6000 രൂപയെന്ന സർക്കാർ ഉത്തരവിൽ ജിഎസ്ടി അടക്കം 5664 രൂപ മാത്രമേ കാണിച്ചിട്ടുള്ളൂ. ബാക്കി 336 രൂപ സർക്കാർ തട്ടിച്ചെടുക്കുന്നതായാണ് ഉയർത്തിയ വാദഗതി. എന്നാൽ അധികം വരുന്ന 336 രൂപ മെഡിസെപ്പിന്റെ ഭാഗമായി രൂപീകരിക്കുന്ന കോർപ്പസ് ഫണ്ടിലാണു പോകുന്നത്. ഇതുപയോഗിച്ചാണു 12 മാരക രോഗങ്ങൾക്കും അവയവവമാറ്റം ഉൾപ്പെടെയുള്ള ചികിത്സകൾക്കും അധിക പരിരക്ഷ നൽകുന്നത്. സർക്കാർ ഒരു രൂപപോലും പ്രീമിയം നൽകുന്നില്ലെന്നതാണ് അടുത്ത ആരോപണം. പക്ഷേ സർക്കാരിന്റെ ഗ്യാരന്റിയെക്കുറിച്ച് ശബ്ദിക്കുന്നില്ല. പ്രതിവർഷം മൂന്നു ലക്ഷം രൂപ കവറേജിനു പുറമേ അവയവമാറ്റ ചികിത്സയ്ക്കും മറ്റും സഹായം ലഭ്യമാക്കുന്ന പദ്ധതി 6000 രൂപ പ്രീമീയത്തിൽ നടപ്പാക്കാൻ കഴിയുന്നുവെന്നത് സർക്കാർ ഗ്യാരന്റിയുടെ വലിയ മൂല്യത്തിന്റ ഭാഗമാണ്. ഈ വസ്തുത മറച്ചുവച്ചാണ് അടിസ്ഥാനരഹതിമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

മെഡിസെപ്പിൽ നൽകുന്ന തുകയുടെ മൂന്നിരട്ടി നൽകിയാലും സ്വകാര്യ ഇൻഷ്വറൻസ് കവറേജിൽ മെഡിസെപ്പിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കില്ല.  മെഡിസെപ് ഒരു സർക്കാർ പദ്ധതിയാണെന്നതണ് ഇതിനു കാരണം. ഗ്രൂപ്പ് ഇൻഷ്വറൻസായി നടപ്പാക്കുന്നതിനാലാണു സമാനതകളില്ലാത്ത ആനുകൂല്യങ്ങൾ ചെറിയ പ്രീമിയത്തിൽ ലഭിക്കുന്നത്. മെഡിസെപ്പിന്റെ ഭാഗമാകാൻ ഒരു നിയന്ത്രണവുമില്ലെന്നതും പ്രത്യേകതയാണ്. സ്വകാര്യ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതികളിൽ പ്രായം മാനദണ്ഡമാണ്. 40 വയസ് കഴിഞ്ഞവർക്ക് അംഗത്വം ലഭിക്കണമെങ്കിൽ ഉയർന്ന നിരക്കിൽ പ്രീമിയം നൽകണം. 40 – 45 വയസിനു മുകളിൽ പ്രീമെഡിക്കൽ ചെക്കപ്പ് അനിവാര്യമാണ്. സ്വകാര്യ ഇൻഷ്വറൻസ് പദ്ധതി ഒരാളെ ഇൻഷ്വറൻസ് പരിധിയിൽനിന്ന് എങ്ങനെ ഒഴിവാക്കാമെന്നുനോക്കുമ്പോൾ വിപരീതമായാണു മെഡിസെപ് ചെയ്യുന്നത്. 90 വയസുള്ള പെൻഷനറായാലും 20 വയസുള്ള ജീവനക്കാരനായും ഒരേ മാനദണ്ഡത്തിൽ ഒറ്റ പ്രീമിയമായ പ്രതിമാസം 500 രൂപയ്ക്ക് പദ്ധതിയിലൂടെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും രാജ്യത്തിനു മാതൃകയാകുംവിധം മികച്ച ആനുകൂല്യങ്ങൾ നൽകുകയുമാണു സർക്കാർ ചെയ്യുന്നത്. ജീവനക്കാരോടും അധ്യാപകരോടുമുള്ള സർക്കാരിന്റെ ഉന്നതമായ പ്രതിബദ്ധതയാണു മെഡിസെപ്പിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെയോ ലോകത്തെയോ ഏറ്റവും ബൃഹത്തായ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായി മെഡിസെപ് മാറുകയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സർക്കാർ ജീവനക്കാർ, പെൻഷൻകാർ തുടങ്ങിയവരടക്കം 11.34 ലക്ഷം ആളുകൾക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഇവരുടെ കുടുംബാംഗളടക്കം 35 ലക്ഷം ആളുകൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ കിട്ടും. ചരിത്രത്തിൽ ആദ്യമാണ് ഇത്ര ബൃഹത്തായ പദ്ധതി സർക്കാർ നടപ്പാക്കുന്നത്. 1920 ചികിത്സാ വിധികൾക്കാണ് മെഡിസെപ്പിലൂടെ പരിരക്ഷ കിട്ടുക. 15 സർജറി സ്പെഷ്യൽ പാക്കേജ്, 13 മെഡിക്കൽ സ്പെഷ്യൽ പാക്കേജ് എന്നിവയുമുണ്ട്. 2000 രൂപ വരെ റൂം സൗകര്യങ്ങളും കിട്ടും. അത്യാഹിത സന്ദർഭങ്ങളിൽ എംപാനൽഡ് അല്ലാത്ത ആശുപത്രികളിലും ചികിത്സാ സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മെഡിസെപ് രജിസ്‌ട്രേഷൻ കാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. പദ്ധതിയുടെ വിവരങ്ങൾ അടങ്ങിയ ഹാൻഡ് ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ ജി.ആർ. അനിൽ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്, ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഫിനാൻസ് റിസോഴ്സസ്) മുഹമ്മദ് വൈ. സഫിറുള്ള, ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ജനറൽ മാനേജർ ഗീത ശാന്തശീലൻ തുടങ്ങിയവർ പങ്കെടുത്തു.