2023ലെ സർക്കാർ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങളുടെ ഓൺലൈൻ വിവരശേഖരണം ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകൾക്കും ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ചിട്ടുള്ള യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in എന്ന ലിങ്കിലൂടെ നേരിട്ടോ www.gad.kerala.gov.in എന്ന ഇന്റർനെറ്റ് വിലാസത്തിലോ 2023ലെ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ നൽകണം. ജൂലൈ ഒന്നു മുതൽ 31 വരെ വിവരങ്ങൾ നൽകാം.

ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദേശങ്ങൾ ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചു. (നം. സിഡിഎൻ.2/12/2022/പൊഭവ, തീയതി 25.06.2022). ഓൺലൈനായി വിവരങ്ങൾ നൽകുന്നതിനു സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കിൽ ഹെൽപ്പ്ലൈൻ നമ്പറായ 0471 2518120, keralagovernmentdiary@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഓൺലൈനായി വിവരങ്ങൾ ഉൾപ്പെടുത്താത്തതോ നിലവിലുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്താത്തതോ ആയ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഡയറിയിൽനിന്ന് ഒഴിവാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.