കല്‍പ്പറ്റ: സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി സ്വാതന്ത്ര്യസമര കാലത്തുണ്ടായ അതേ ആവേശവും സമരവീര്യവും വര്‍ത്തമാനകാലത്തും തുടരാന്‍ ജനങ്ങള്‍ക്ക് പ്രബുദ്ധമായ ഉത്തരവാദിത്തമുണ്ടെന്നും അതിനായി ത്യാഗപൂര്‍ണമായ മുന്നേറ്റമുണ്ടാവണമെന്നും സംസ്ഥാന തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി പറഞ്ഞു. എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ദേശീയപതാകയെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സ്വാതന്ത്ര്യം പോലെ പ്രധാനമാണ് ചിന്താ സ്വാതന്ത്യവും ജനാധിപത്യ അവകാശങ്ങളും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സമഭാവനയും. പക്ഷം പിടിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഭൂതകാലം രാജ്യത്തൊരിക്കലുമുണ്ടായിട്ടില്ല. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യം നേടിയെടുത്ത ഒരു രാജ്യമാണിത്. ചേരിചേരാ നയത്തിന്റെ നേതൃത്വം ഏറ്റെടുത്ത പാരമ്പര്യം നമുക്കുണ്ട്. ആ ചരിത്രം നമുക്ക് തുടരേണ്ടതായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ലോകസമാധാനം പുലരുതിനായുള്ള ഉത്തരവാദിത്തം നമ്മുടെ മഹാരാജ്യത്തിനു നിറവേറ്റാന്‍ കഴിയണമെങ്കില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും പരമാധികാരവും പരിരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തിന് ഇനിയും മുന്നോട്ടുപോകാനും സ്വാതന്ത്ര്യാനന്തരമുണ്ടായ മാറ്റങ്ങള്‍ സമൂര്‍ത്തീകരിക്കാനും കക്ഷിരാഷ്ട്രീയ ജാതിമത സങ്കുചിതത്വങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ലാത്ത കാലവര്‍ഷക്കെടുതികളാണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്. ഇത് കാരണം സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമായി. കെടുതികള്‍ നേരിടാന്‍ യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ദുരിതബാധിതര്‍ക്കെല്ലാം സഹായമെത്തിച്ചു കൊണ്ടിരിക്കുകയാണ്. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാനായി മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് കക്ഷിരാഷ്ട്രീയ ജാതിമത ഭേദങ്ങള്‍ക്കതീതമായി അഭൂതപൂര്‍വമായ പിന്തുണയും സഹകരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പണവും സാധന സാമഗ്രികളായും സഹായം ഒഴുകുകയാണ്. മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് ഇതിനകം എല്ലാ വിഭാഗമാളുകളും നല്‍കിയ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ തുടര്‍ുമുണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
കനത്ത മഴ കാരണം ഇത്തവണ പരേഡ് ഒഴിവാക്കിയിരുന്നു. പരിപാടിയില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ നഗരസഭാദ്ധ്യക്ഷ സനിത ജഗദീഷ്, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, പ്രളയക്കെടുതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച വയനാട് സ്പെഷ്യല്‍ ഓഫീസര്‍ എം.ജി രാജമാണിക്യം, മാനന്തവാടി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പൊലിസ് മേധാവി ആര്‍. കറപ്പസാമി തുടങ്ങിയവര്‍ പങ്കെടുത്തു.