കാളിദാസന്റെ അഭിഞ്ജാനശാകുന്തളത്തെ ആസ്പദമാക്കി ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് എഴുതിയ ശകുന്തള എന്ന കവിതയുടെ കഥകളി ആവിഷ്‌ക്കാരം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. കഥകളിക്ക് ഉപജീവിക്കാവുന്ന കവിത രചിക്കുന്നത് ശ്ലാഖനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ആസ്വാദകരുടെ നിറഞ്ഞ സദസ്സ് ഏറെ സന്തോഷം നൽകുന്നു. ഉത്തമമായി രചിക്കപ്പെട്ട കവിത കഥകളിയായി അവതരിപ്പിക്കുന്നതിന് രചയിതാവിനും നടൻമാർക്കും വിജയം ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷത വഹിച്ചു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.എസ് ശ്രീകല, ഡോ. പി. വേണുഗോപാലൻ എന്നിവർ ആശംസ അറിയിച്ചു. ലക്ഷ്മിദാസ് കവിതാലാപനം നടത്തുകയും നീന ശബരീഷ് കഥാസന്ദർഭം അവതരിപ്പിക്കുകയും ചെയ്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സെക്രട്ടറി പ്രിയദർശനൻ പി.എസ് സ്വാഗതം ആശംസിക്കുകയും ആനി ജോൺസൺ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.