ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ത്രീകൾക്ക് സ്വയംതൊഴിലിനായി ‘സ്വാശ്രയ’
തീവ്രമായ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ത്രീകൾക്ക് സ്വയംതൊഴിൽ ആരംഭിക്കാനുള്ള ഒറ്റത്തവണ ധനസഹായ പദ്ധതിയാണ് സ്വാശ്രയ. ജീവിതത്തിൽ പല കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്കാണ് പദ്ധതി ഉപകരിക്കുക. ഒരേസമയം ശാരീരിക മാനസിക വെല്ലുവിളികൾ അനുഭവപ്പെടുന്നവരുടെ ദൈനംദിന കാര്യങ്ങളിൽ പോലും മുഴുവൻ സമയ പിന്തുണ നൽകേണ്ടതായി വരികയും ഉപജീവനമാർഗ്ഗം കണ്ടെത്തുകയും ചെയ്യേണ്ട സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. സ്വാശ്രയ പദ്ധതി വഴി 35,000 രൂപയായാണ് ധനസഹായമായി ലഭിക്കുക.
അപേക്ഷക ബി.പി.എൽ വിഭാഗത്തിൽപ്പെടുന്നവരായിരിക്കണം. 70 ശതമാനമോ അതിൽ കൂടുതലോ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെയാകണം സംരക്ഷിക്കുന്നത്. വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകൾ, നിയമപരമായി വിവാഹമോചനം നേടിയവർ, ഭർത്താവ് ജീവിച്ചിരുന്നിട്ടും വിവാഹമോചനം നേടുകയോ ഭർത്താവിൽ നിന്ന് സഹായം ലഭിക്കാത്ത സ്ത്രീകൾ, അവിവാഹിതരായ അമ്മമാർ എന്നിവർക്ക് പദ്ധതി വഴി ധനസഹായം ലഭിക്കും.
മാതാവും പിതാവുമില്ലാത്ത 70 ശതമാനമോ അതിനു മുകളിലോ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്ന ബന്ധുക്കളായ സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ആശ്വാസകിരണം പെൻഷൻ ലഭിക്കുന്നവർക്കും സ്വാശ്രയ പദ്ധതിവഴി ഗുണം ലഭിക്കും. സ്വയംതൊഴിൽ സംബന്ധിച്ച വിശദ പ്രോജക്ട് റിപ്പോർട്ട് സഹിതം അപേക്ഷകൾ അതത് ജില്ലാ സാമൂഹികനീതി ഓഫിസർക്ക് സമർപ്പിക്കണം.