സംസ്ഥാന സർക്കാരും കൃഷി വകുപ്പും സംസ്ഥാനമൊട്ടാകെ വിപുലമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ലഘു കാർഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും മെഗാ ഫ്രീ ചെക്ക് അപ്പ് ക്യാമ്പ് ഈമാസം 4 മുതൽ 8 വരെ നടത്തും. കാർഷിക മേഖലയിലെ സമഗ്രമായ യന്ത്രവൽക്കരണ പരിപാടിയുടെ ഭാഗമായി തൃശൂർ കാർഷിക സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കേരള അഗ്രോ ഹൈപ്പർ ബസാറിന് കീഴിൽ തികച്ചും സൗജന്യമായാണ് ക്യാമ്പ് നടത്തുക.

കാർഷിക മേഖലയിൽ സർക്കാർ സബ്സിഡിയിലൂടെയും അല്ലാതെയും വിതരണം നടത്തിയ കാർഷിക ഉപകരണങ്ങളിൽ യഥാസമയം ആവശ്യമായ റിപ്പയർ സർവീസുകൾ നടത്താതെ ഉപയോഗയോഗ്യമല്ലാതിരിക്കുന്ന യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്താൻ പൊതുജനങ്ങൾക്കും കർഷകർക്കും അവസരമൊരുക്കുക എന്നതാണ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.

തിങ്കളാഴ്ച (ജൂലായ് 4) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ മെഗാ ഫ്രീ ചെക്ക് അപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ അഗ്രോ ഹൈപ്പർ ബസാറിൽ സ്മാം പദ്ധതി മുഖേന 50 ശതമാനം വരെ കാർഷിക ഉപകരണങ്ങൾക്ക് സർക്കാർ സബ്സിഡി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള സൗജന്യ രജിസ്ട്രേഷൻ നടത്താം. സ്പെയറുകൾ, ബ്രഷ്കട്ടറുകൾ, ഗാർഡൻ ടില്ലറുകൾ, ചെയിൻ സോ മുതലായ ഉപകരണങ്ങൾ സൗജന്യമായി പരിശോധിച്ച് ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനും ക്യാമ്പിൽ അവസരമുണ്ട്. കാർഷിക യന്ത്രങ്ങളുടെ റിപ്പയറുകൾ, മറ്റു സർവ്വീസുകൾ എന്നിവ തുടർന്ന് ചെയ്യാനുള്ള സൗകര്യവും ക്യാമ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.