തൊടുപുഴ നഗരസഭയുടെ 2022-23-ലെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന വികസന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. 2022-23 വര്‍ഷത്തില്‍ പദ്ധതി രൂപീകരണത്തിന് ആകെ ലഭ്യമായ 15 കോടി രൂപയില്‍ സ്പില്‍ ഓവര്‍ ഒഴികെയുള്ള 6.5 കോടി രൂപയുടെ പദ്ധതികള്‍ക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി. ഉല്‍പ്പാദന മേഖലയില്‍ 29 ലക്ഷം രൂപ, വനിതാ ഘടക പദ്ധതിക്ക് 37 ലക്ഷം രൂപ, കുട്ടികളുടെയും ഭിന്നശേഷിയുള്ളവരുടെയും ക്ഷേമത്തിനായി 19 ലക്ഷം രൂപ, വയോജനങ്ങളുടെ ക്ഷേമത്തിനും പാലിയേറ്റീവ് കെയര്‍ പദ്ധതിക്കായും 19 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. അങ്കണവാടി പോഷകാഹാര വിതരണത്തിന് 70 ലക്ഷം രൂപയും പാര്‍പ്പിട മേഖലയ്ക്കായി 94 ലക്ഷം രൂപയും അനുവദിച്ചു. പട്ടികജാതി വിഭാഗത്തിൻ്റെ വികസനത്തിന് 64 ലക്ഷം രൂപയും പട്ടികവര്‍ഗ്ഗ വിഭാഗ വികസനത്തിന് 3.7 ലക്ഷം രൂപയും വകയിരുത്തി.

മുന്‍വര്‍ഷം കോവിഡ് പ്രതിരോധത്തിനു വേണ്ടി തുക ചെലവഴിക്കേണ്ടി വന്നതും സ്പില്‍ ഓവര്‍ പദ്ധതികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന തുക അനുവദിക്കാതിരുന്നതും പദ്ധതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. സ്പില്‍ ഓവര്‍ പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുമെന്നും നടപ്പ് വര്‍ഷത്തെ പദ്ധതികള്‍ തയ്യാറാക്കി സമയബന്ധിതമായി അംഗീകാരം വാങ്ങി നൂറ് ശതമാനം പദ്ധതി ചെലവ് കൈവരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷീജ ഷാഹുല്‍ ഹമിദ് സ്വാഗതം ആശംസിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുള്‍ കരീം, ബിന്ദു പത്മകുമാര്‍, റ്റി.എസ്.രാജന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കൗണ്‍സിലര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, സ്റ്റേക്ക് ഹോള്‍ഡര്‍മാര്‍, വാര്‍ഡ് സഭാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.