വൈത്തിരി താലൂക്കിലുളള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഐ.റ്റി.ഡി.പി വയനാടിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കല്‍പ്പറ്റ, കൈനാട്ടി, കോട്ടത്തറ, വേങ്ങപ്പളളി, തരിയോട്, വൈത്തിരി എന്നീ കേന്ദ്രങ്ങളില്‍ നടന്ന ക്ലാസ്സുകളില്‍ എസ്.എസ്.എല്‍.സി പാസായ 333 വിദ്യാര്‍ത്ഥികളും പ്ലസ് ടു പാസായ 39 വിദ്യാര്‍ത്ഥികളും പങ്കെടുത്തു. തരിയോട് നടന്ന ക്ലാസ്സ് തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു, വൈത്തിരിയില്‍ നടന്ന ക്ലാസ്സ് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, പൊഴുതനയില്‍ നടന്ന ക്ലാസ്സ് പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, കോട്ടത്തറയില്‍ നടന്ന ക്ലാസ്സ് കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ്, വെങ്ങപ്പളളിയില്‍ നടന്ന ക്ലാസ്സ് വെങ്ങപ്പളളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം നാസര്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അധ്യാപരായ എ. സഫ്വാന്‍, നിഖില്‍ നാരായണന്‍, അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.