വെൽ സെൻസസ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

കേരളത്തിലെ എല്ലാ ബ്ലോക്ക്‌ പഞ്ചായത്തുകളിലും ഭൂജല സെൻസസ് നടപ്പാക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. നാഷണൽ ഹൈഡ്രോളജി പ്രോജക്ട് ഭൂജല വകുപ്പുമായി സഹകരിച്ചു നടപ്പിലാക്കുന്ന വെൽ സെൻസസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പിലാക്കുന്നതെന്നും അഭിമാനകരമായ നിമിഷമാണിതെന്നും മന്ത്രി പറഞ്ഞു.

ജീവിതത്തിലെ എല്ലാ മേഖലകളിലും സെൻസസ് വളരെ പ്രധാനപെട്ടതാണ്.
ഭൂജല സമ്പത്തിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ വെൽ സെൻസസിലൂടെ കഴിയും. കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് വിവരങ്ങൾ ശേഖരിക്കുക. ഇതിലൂടെ ജലവിനിയോഗം എങ്ങനെ വേണമെന്ന് നിശ്ചയിക്കാൻ സാധിക്കും. ജലസ്രോതസ്സുകൾ ഒരുപാടുണ്ടെങ്കിലും ഭൂഗർഭജലം താഴുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. അതുകൊണ്ട് വെള്ളം എങ്ങനെ സൂക്ഷിച്ചുപയോഗിക്കണം എന്നതിനെ കുറിച്ച് ബോധവത്കരണം നൽകാനും വെൽ സെൻസസിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ വെള്ളപൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെകുറിച്ചുള്ള വിവരണാത്മക റിപ്പോർട്ട്‌ തയ്യാറാക്കാനും വെൽ സെൻസസ് സഹായകമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.