ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ‘മഴക്കാല ശുചീകരണവും രോഗ പ്രതിരോധവും’, ദുരന്ത സമയങ്ങളിലുള്ള പ്രതികരണ സംവിധാനം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി.
ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിനായി ജില്ലയില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനവും പരിശീലനവും കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു. മഴക്കാല രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എ ഷാജിയും ദുരന്ത നിവാരണം എന്ന വിഷയത്തില്‍ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ ചാര്‍ജ് ഓഫീസര്‍ ഷാജി പി. മാത്യുവും ക്ലാസ്സുകളെടുത്തു. മഴക്കാലമുന്നൊരുക്കത്തിന്റെ ഭാഗമായി ഗ്രൂപ്പ് അംഗങ്ങള്‍ 5 ടീമുകളായി തിരിഞ്ഞ് കളക്ടറേറ്റ് പരിസരം ശുചീകരിച്ചു. 150 പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഐ.എ.ജി കണ്‍വീനര്‍ ഫാ. ബെന്നി ഇടയത്ത്, ഡി.എം സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ജോയ് തോമസ് എന്നിവര്‍ സംസാരിച്ചു. വിവിധ സംഘടകളുടെ പ്രതിനിധികള്‍, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.