കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ വികസനത്തിനായി 14.5 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗികൾക്കുള്ള കാൻസർ മരുന്നുകൾക്ക് രണ്ടു കോടി, ആശുപത്രി ഉപകരണങ്ങൾക്ക് അഞ്ച് കോടി, ജില്ലാ കാൻസർ നിയന്ത്രണ പരിപാടിയ്ക്ക് 67 ലക്ഷം, ജനസംഖ്യാധിഷ്ഠിത കാൻസർ രജിസ്ട്രി 40 ലക്ഷം, നവീകരണത്തിന് 87 ലക്ഷം, കാൻസർ അധിഷ്ഠിത പരിശീലന പരിപാടികൾക്ക് ആറ് ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്. കൊച്ചിൻ കാൻസർ സെന്ററിനെ മറ്റ് കാൻസർ സെന്ററുകളെ പോലെ വിപുലമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 2023 അവസാനത്തോടെ കൊച്ചിൻ കാൻസർ സെന്ററിന്റെ പുതിയ കെട്ടിടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ വലിയ സൗകര്യങ്ങൾ ഒരുക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
സ്റ്റാൻഡ്ബൈ അനസ്തേഷ്യ മെഷീൻ, രണ്ട് പോർട്ടബിൾ അൾട്രാ സൗണ്ട് മെഷിൻ, മൂന്ന് മൾട്ടി പാരാ മോണിറ്ററുകൾ, കോഗുലേഷൻ അനലൈസർ, ഓപ്പറേഷൻ തീയറ്റർ ഉപകരണങ്ങൾ, മൈക്രോസ്‌കോപ്പ്, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, സി ആം തുടങ്ങിയ ഉപകരണങ്ങളാണ് പുതുതായി സജ്ജമാക്കുന്നത്.
കൊച്ചിൻ കാൻസർ സെന്ററിൽ വിപുലമായ ചികിത്സാ സൗകര്യങ്ങളാണ് ഒരുക്കി വരുന്നത്. ഇതിന്റെ ഭാഗമായി ആറ് പുനരധിവാസ ക്ലിനിക്കുകൾ സ്ഥാപിച്ചു. സ്റ്റോമ ക്ലിനിക്, ലിംഫഡീമ ക്ലിനിക്, സ്പീച്ച് ആന്റ് സ്വാളോയിങ് ക്ലിനിക്, പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്, പുകയില വിരുദ്ധ ക്ലിനിക്, കാൻസർ രോഗികൾക്കുള്ള ബോധവത്ക്കരണ ക്ലിനിക് എന്നിവയാണവ. കഴിഞ്ഞ വർഷം 1108 കാൻസർ രോഗികളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. 1959 പേർക്ക് കീമോ തെറാപ്പി നൽകി. മെഡിക്കൽ റോക്കോർഡ് ഡിപ്പാർട്ട്മെന്റ് ആരംഭിച്ചു. 300ലധികം രോഗകൾക്ക് മാമോഗ്രാമും, 500ലധികം പേർക്ക് അൽട്രാസൗണ്ട് സ്‌കാനിംഗും, 230 മേജർ സർജറികളും നടത്തി.