ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച(9) രാവിലെ 11 ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും.

ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍:

ഓക്സിജന്‍ പ്ലാന്റ്  
1300 ലിറ്റര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ജില്ലയിലെ ഏറ്റവും വലിയ പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. കേരള സര്‍ക്കാരില്‍ നിന്നും അനുവദിച്ച 1000 ലിറ്ററിന്റെയും വി.കെ.എല്‍ ഗ്രൂപ്പ് സംഭാവനയായി നല്‍കിയ 300 ലിറ്ററിന്റെയും പ്ലാന്റുകളാണ് ഇതിലുള്ളത്. ഇത് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ കെട്ടിടവും, വൈദ്യുതി കണ്‍ട്രോള്‍ റൂമും ആശുപത്രികിടക്കകളിലേക്ക് പൈപ്പുകള്‍ വഴി ഓക്സിജന്‍ എത്തിക്കുന്ന വിതരണ ശൃംഖലയും ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലാണ് നിര്‍മിച്ചിട്ടുള്ളത്.

സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്

ആശുപത്രിയിലെ കക്കൂസ് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന ആധുനിക രീതിയിലുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്  ഒരുകോടി രൂപ ചെലവിലാണ് നിര്‍മിച്ചിട്ടുള്ളത്. ദ്രവമാലിന്യങ്ങള്‍ ശാസ്ത്രിയമായി സംസ്‌കരിക്കുന്നതു വഴി ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമാകും.

ഹൈടെന്‍ഷന്‍ വൈദ്യുതിലൈനും ട്രാന്‍സ്ഫോര്‍മറും
ജില്ലാ ആശുപത്രിക്കാവശ്യമായ വൈദ്യുതി ഇതുവരെ എല്‍ റ്റി ലൈനിലൂടെ മാത്രമാണ് ലഭിച്ചിരുന്നത്. കൂടുതല്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്തില്‍ നിന്നും 95 ലക്ഷം രൂപ വിനിയോഗിച്ചാണ് ഹൈടെന്‍ഷന്‍ ലൈനും ട്രാന്‍ഫോര്‍മറും സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ പുതിയ ജനറേറ്റര്‍ വാങ്ങി സ്ഥാപിക്കാന്‍ 55 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗത്തിന് നല്‍കിയിട്ടുമുണ്ട്.

ബയോഗ്യാസ് പ്ലാന്റ്
ആശുപത്രിയില്‍ ഉണ്ടാവുന്ന ഭക്ഷ്യ അവശിഷ്ടം ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ സംസ്‌കരിച്ച് ജൈവവാതകം നിര്‍മിക്കാനും അത് പാചക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും വേണ്ടി അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു.
ഓക്സിജന്‍ പ്ലാന്റും മറ്റ് പദ്ധതികളും നിര്‍മിക്കാന്‍ വേണ്ടി ആശുപത്രിയുടെ പിന്‍ഭാഗത്ത് ഒരു റോഡ് നിര്‍മിക്കാനും ഭൂമി ഒരുക്കിയെടുക്കാനും 14 ലക്ഷം രൂപയുടെ പ്രോജക്ട് നടപ്പാക്കി വരുകയാണ്. വെന്റിലേറ്റര്‍ സൗകര്യമുള്ള പുതിയ ആംബുലന്‍സ് 20 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങി ആശുപത്രിക്ക് നല്‍കി. ആശുപത്രിയുടെ എ ബ്ലോക്ക് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 45 ലക്ഷം രൂപയുടെ പ്രോജക്ട് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതികള്‍ സജ്ജീകരിക്കുന്നതിന് ജില്ലാ പഞ്ചായത്തില്‍ നിന്നും രണ്ടരകോടി രൂപ വിനിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കേരള സര്‍ക്കാരില്‍ നിന്നും അനുവദിച്ച 30.25 കോടി രൂപയുടെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.