ജലസമൃദ്ധമായ കാട്ടാക്കട നിയോജകമണ്ഡലത്തിനായി ഐ.ബി. സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ത്രിതല ജനപ്രതിനിധികളുടെ സഹകരണത്തോടെ രൂപമെടുത്ത ജനകീയ സംരംഭമായ ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ പദ്ധതിയുടെ വെബ്‌സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.
പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ സാങ്കേതിക മേല്‍നോട്ടത്തില്‍ വികസന വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തയാറാക്കിയ ജലവിഭവ പരിപാലന രേഖയിലെ പൂര്‍ണ വിവരങ്ങള്‍ ജനങ്ങള്‍ക്ക് വെബ്‌സൈറ്റിലൂടെ ലഭ്യമാകും.
ഐ.ബി. സതീഷ് എം.എല്‍.എ, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, ലാന്റ് യൂസ് കമ്മീഷണര്‍ എ. നിസാമുദ്ദീന്‍, മണ്ണ് സംരക്ഷണ വകുപ്പ് പ്രതിനിധി റോയ് മാത്യു, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിനിധി വി.ഹരിലാല്‍, അസി. ഡിസ്ട്രിക്ട് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.ജി. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പദ്ധതിപ്രദേശം, നടപടിക്രമങ്ങള്‍, നിര്‍വഹണരീതി, വിഭവ അവലോകനം, ഓരോ പഞ്ചായത്തിലെയും തോടുകള്‍, കുളങ്ങള്‍, കനാല്‍, പൊതു കിണറുകള്‍ എന്നീ വിവരങ്ങളോടൊപ്പം കുളങ്ങളുടെയും തോടുകളുടെയും ജലലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, ജലസംഭരണത്തിന് പുതിയ നിര്‍മിതികള്‍ക്കുള്ള സാധ്യതകള്‍, പൊതു സ്ഥാപനങ്ങളില്‍ ജലസംഭരണത്തിനുള്ള സാധ്യതകള്‍, മണ്ണ് ജല സംരക്ഷണ പ്രവൃത്തികള്‍ എന്നിവയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഗ്രാമപഞ്ചായത്ത് വാര്‍ഡ് തലത്തില്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിലൂടെ ആസൂത്രണ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കാനാവും.
വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയില്‍ ഇതുവരെ ഏറ്റെടുത്ത വിവിധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ കര്‍മ്മപഥത്തിലൂടെ എന്ന ലിങ്കില്‍ ലഭിക്കും. കാട്ടാക്കട മണ്ഡലത്തിലെ ജലവിഭവങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഭൂവിവരസംവിധാനത്തിന്റെ സഹായത്തോടെ സ്ഥലപരമായ ചട്ടക്കൂട്ടില്‍ ഭൂപടങ്ങള്‍ എന്ന ലിങ്കില്‍ ലഭ്യമാണ്.
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തിയ സര്‍വേയിലെ വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. പുതിയ വിവരങ്ങള്‍ ആവശ്യാനുസരണം ഇതില്‍ കൂട്ടിച്ചേര്‍ക്കാനും സൗകര്യമുണ്ട്. ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഭൂപ്രദേശങ്ങളുടെ ത്രിമാന ദൃശ്യങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.