കേരളത്തിൽ നിന്നും ജപ്പാനിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികൾ ത്വരിതപ്പെടുത്തന്നതിനുള്ള നോർക്ക റൂട്ട്സിന്റെ നടപടികളുടെ ഭാഗമായി ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജെ.ഐ.സി.എ) പ്രതിനിധികൾ തിരുവനന്തപുരം വഴുതക്കാട് നോർക്ക റൂട്ട്സ് ആസ്ഥാനം സന്ദർശിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ സുചിയാ യസൂക്കോ, അഡമിനിസ്ട്രേഷൻ കം പ്രോജക്ട് ഓഫീസർ ജോൻഡാ റബ എന്നിവരാണ് ജാപ്പനീസ് ഭാഷാ പഠനത്തിനെ കുറിച്ചുള്ള ചർച്ചകൾക്കായി നോർക്ക റൂട്ട്സിൽ എത്തിയത്.
ലോകരാജ്യങ്ങളിൽ നിന്നും ജപ്പാനിലേക്ക് വിദഗ്ദ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ജപ്പാൻ സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന സ്പെസിഫൈഡ് സ്‌കിൽഡ് വർക്കേഴ്സ് (എസ്.എസ്.ഡൂബ്ല്യു) പദ്ധതിയിൽ കേരളത്തിൽ നിന്നുള്ള നോഡൽ ഏജൻസിയായി നോർക്ക റൂട്ട്സിനെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തെരഞ്ഞെടുത്തിട്ടുണ്ട്. എസ്.എസ്.ഡബ്യുവിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് ജാപ്പനീസ് ഭാഷ പഠിപ്പിക്കുന്നതിനായി നോർക്ക റൂട്ട്സ് ജൈക്കയുടെ സഹകരണം തേടിയിരുന്നു. ഇതിന്റെ ഭാഗമായി നോർക്കയുടെ പ്രവർത്തനവും സൗകര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനാണ് ജൈക്ക പ്രതിനിധികൾ എത്തിയത്.
നോർക്കയുടെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ ജൈക്ക പ്രതിനിധികൾ ഭാഷാ പരിശീലനത്തിന് തുടർ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നോർക്ക റൂട്ട്സിന്റെ വിവിധ സെക്ഷനുകൾ സന്ദർശിച്ച് പ്രവർത്തനങ്ങളും സേവനങ്ങളും മനസിലാക്കിയ ശേഷമാണ് പ്രതിനിധികൾ മടങ്ങിയത്. സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രതിനിധികളെ സ്വീകരിച്ചു.
ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, ടി.കെ.ശ്യാം തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.