കൂട്ടായ പരിശ്രമത്തിലൂടെ വിജയം കൈവരിക്കാന്‍ കഴിയുമെന്നതിന്റെ ഉദാത്ത മാതൃകയാണ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ ആസൂത്രണത്തിന്റെ 25-ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാരുകള്‍ മാറി വന്നാലും പഞ്ചായത്തിന്റെ പ്രവര്‍ത്തനം തുടര്‍ പ്രക്രിയയാണ്. എല്ലാവരുടെയും സഹകരണത്തില്‍ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ നാടിന്റെ വികസനം സാധ്യമാകൂ. വാഴത്തോപ്പ് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ചെറുതോണിയെ നാലു വര്‍ഷം കൊണ്ട് ഒരു ടൗണ്‍ഷിപ് ആക്കി ഉയര്‍ത്തും. 50 കോടി മുതല്‍ മുടക്കില്‍ സാംസ്‌കാരിക മ്യൂസിയവും ജല മ്യൂസിയവും തിയേറ്റര്‍ സമുച്ചയവും നിര്‍മ്മിക്കുന്നതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയവരും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരും പഞ്ചായത്തിനു കരുത്തും അഭിമാനവുമാണെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് ഓഫീസ് അനക്‌സ് മന്ദിരത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.
ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാനങ്ങളുടെ വികസനം നടപ്പിലാക്കണമെന്ന ലക്ഷ്യത്തോടെയാണ് ജനകീയസൂത്രണം നടപ്പിലാക്കിയതെന്നും അതുവഴി ഏറ്റവും സത്യസന്ധവും സുതാര്യവുമായ രീതിയില്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ചെരുപ്പുകുത്തി മുതല്‍ പ്രധാനമന്ത്രി വരെ കൊടുത്ത നികുതിപ്പണം കൊണ്ടാണ് ഇന്ന് കാണുന്ന വികസനങ്ങളെല്ലാം സാധ്യമായത്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നില കൊള്ളുന്നവരാണ് ജനപ്രതിനിധികള്‍. ജനകീയാസൂത്രണം നടപ്പിലായിട്ട് ഇരുപത്തിയഞ്ച് വര്‍ഷം തികയുമ്പോള്‍ ഒരു നാടിന്റെ മുഴുവന്‍ ആദരം ഏറ്റുവാങ്ങുന്ന എല്ലാ ജന പ്രതിനിധികള്‍ക്കും ആശംസ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍കാല ജനപ്രതിനിധികളെയും ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ പ്രതിഭകളെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.
തടിയമ്പാട് പാപ്പന്‍സ് ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിജി ചാക്കോ, ഏലിയാമ്മ ജോയ്, ആലിസ് ജോസ്, വിന്‍സെന്റ് വള്ളാടി, സെലിന്‍ വില്‍സണ്‍, കുട്ടായി കറുപ്പന്‍, ടിന്റു സുഭാഷ്, രാജു ജോസഫ്, അജേഷ്‌കുമാര്‍ പി. വി, പഞ്ചായത്ത് സെക്രട്ടറി ആനന്ദ്. ജെ എന്നിവരും പങ്കെടുത്തു.