വന്ധ്യതാ ചികിത്സാ രംഗത്തെ മികവുമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ പത്തനംതിട്ട സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി മുന്നേറുന്നു. നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ നടപ്പാക്കിയ വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന് ഈ രംഗത്ത് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സാധിച്ചതായി ഡിഎംഒ(ഐഎസ്എം) ഡോ. പി.എസ് ശ്രീകുമാര്‍ പറഞ്ഞു. 47 ദമ്പതികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.ജില്ലയിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഭാരതീയ ചികിത്സാ വകുപ്പ് പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പുകള്‍ നടത്തി വരുകയാണ്.

മഴക്കാല പൂര്‍വ രോഗങ്ങള്‍ക്ക് ഫലപ്രദമായ ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കി വരുന്നു.
ജില്ലയിലെ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടപ്പാക്കിയ ആരോഗ്യമേളയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പ് ധാരാളം പേര്‍ക്ക് പ്രയോജനപ്പെട്ടു. അന്താരാഷ്ട്ര യോഗാദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

നാഷണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലും സ്‌കൂളുകള്‍, കോളജുകള്‍, വായനശാലകള്‍, അംഗന്‍വാടികള്‍ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും യോഗാ പ്രദര്‍ശനം, യോഗയുടെ പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ”മനുഷ്യത്വത്തിന് യോഗ” എന്ന യോഗാദിന സന്ദേശം മുന്‍നിര്‍ത്തിയുള്ള മികവാര്‍ന്ന പ്രവര്‍ത്തനം എന്നിവ നടത്താന്‍ കഴിഞ്ഞു.