റവന്യൂ വകുപ്പ് സജ്ജമാക്കുന്ന എന്റെ ഭൂമി പോർട്ടൽ പ്രവർത്തനം തുടങ്ങുന്നതോടെ കേരളത്തിൽ ഭൂമി സംബന്ധമായ സകല ക്രയവിക്രയങ്ങളും തടസരഹിതമായി നടക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ സിംഗിൾ പോർട്ടൽ സംവിധാനത്തിൽ കൊണ്ടുവരുന്നതോടെ വിപ്ലവകരമായ മാറ്റം ഉണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എങ്കക്കാട്- കരുമത്ര- വിരുപ്പാക്ക ഗ്രൂപ്പ് സ്മാർട്ട്‌ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 1550 വില്ലേജുകളിൽ ഡിജിറ്റൽ റീസർവ്വേ നടപടിക്ക് തുടക്കം കുറിച്ചു. ആദ്യത്തെ മൂന്ന് വർഷം 1200 വില്ലേജുകളും തുടർന്നുള്ള എട്ട് മാസങ്ങൾ കൊണ്ട് 350 വില്ലേജുകളും ഇത്തരത്തിൽ അളക്കും. നാല് വർഷക്കാലം കൊണ്ട് ഡിജിറ്റൽ റീസർവ്വേ പൂർത്തിയാവുമ്പോൾ ഭൂമിയുടെ അവകാശം ആർക്കൊക്കെ, എവിടെയൊക്കെ, എങ്ങനെയൊക്കെ എന്നുള്ളതിന്റെ കൃത്യമായ ചിത്രം നമുക്ക് മുന്നിൽ തെളിയുമെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്കകം ജില്ലയിൽ റവന്യു വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഇ – ഓഫീസുകളായി മാറാൻ പോവുകയാണെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. ജില്ലയിലെ ഏകദേശം 75 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ആവുന്നതിനുള്ള പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലാണെന്നും കലക്ടർ പറഞ്ഞു. എങ്കക്കാട്- കരുമത്ര- വിരുപ്പാക്ക ഗ്രൂപ്പ് സ്മാർട്ട്‌ വില്ലേജ് ഓഫീസ് നിർമ്മാണം ജനുവരിയോടെ പൂർത്തീകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.

തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി മുൻസിപ്പാലിറ്റി, തെക്കുംകര ഗ്രാമപഞ്ചായത്ത് വിവിധ വാർഡുകൾ ഉൾപ്പെടുന്ന എങ്കക്കാട്- കരുമത്ര- വിരുപ്പാക്ക ഗ്രൂപ്പ് വില്ലേജ് ഓഫീസിനെ 20000ത്തിൽ അധികം ജനങ്ങൾ ആശ്രയിക്കുന്നുണ്ട്. 2021 – 22 വർഷത്തെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് ഗ്രൂപ്പ് വില്ലേജ് ഓഫീസ് സ്മാർട്ട് ആക്കുന്നത്.

എങ്കക്കാട് – കരുമത്ര – വിരുപ്പാക്ക ഗ്രൂപ്പ് വില്ലേജ് ഓഫീസ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ പി എൻ സുരേന്ദ്രൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിവി സുനിൽകുമാർ, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, ആർ ഡി ഒ വിഭൂഷണൻ പി എ, തലപ്പിള്ളി താലൂക്ക് തഹസിൽദാർ എം കെ കിഷോർ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.