ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി ഒരാഴ്ചക്കിടെ കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ തീര്‍പ്പാക്കിയത് 1487 ഫയലുകള്‍. ഇതില്‍ 608 ഫയലുകള്‍ സര്‍വേ വിഭാഗത്തിലുളളതും 879 എണ്ണം പൊതു വിഭാഗത്തില്‍ നിന്നുള്ളതുമാണ്. സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി കുന്നത്തുനാട് താലൂക്കില്‍ 23,608 ഫയലുകള്‍ തീര്‍പ്പാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഏറ്റവുമധികം ഫയലുകള്‍ തീര്‍ക്കാനുള്ള താലൂക്കുകളിലൊന്നാണ് കുന്നത്തുനാട്. ഫയല്‍ തീര്‍പ്പാക്കല്‍ ദിനമായി ആചരിച്ച ജൂലൈ മൂന്നിന് മാത്രം 900 ഫയലുകളായിരുന്നു പൂര്‍ത്തിയാക്കിയത്. അടുത്ത അഞ്ച് ദിവസത്തിനകം 587 ഫയലുകള്‍ കൂടി തീര്‍പ്പാക്കി.
വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതു ജനങ്ങളുമായി ബന്ധപ്പെട്ട് പുതിയ അപേക്ഷകളും പരാതികളും സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനിടയിലാണ് പഴയ ഫയലുകള്‍കൂടി തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കുന്നത്.
സര്‍വേയുമായി ബന്ധപ്പെട്ട ഫയലുകളാണ് ഒരാഴ്ചക്കിടയില്‍ തീര്‍പ്പാക്കിയവയില്‍ ഏറെയും. 608 എണ്ണമായിരുന്നു ഇത്തരത്തിലുള്ളത്. പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് നൂറിലധികം ഫയലുകളും തീര്‍പ്പാക്കി. മിസലേനിയസ് ഫയലുകളും വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട അപ്പീലുകളും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകളും തീര്‍പ്പാക്കിയവയില്‍പെടുന്നു.
ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി 2135 ഫയലുകളാണ് കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ ഇതിനോടകം തീര്‍പ്പാക്കിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകളും ഇത്തരത്തില്‍ തീര്‍പ്പാക്കിയവയില്‍ പെടും. സെപ്തംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തുന്നത്. യജ്ഞത്തിന്റെ ഭാഗമായി പരമാവധി ഫയലുകള്‍ തീര്‍പ്പിക്കുന്നതിനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് ലക്ഷ്യമിടുന്നതെന്ന് തഹസില്‍ദാര്‍ വിനോദ് രാജ് വ്യക്തമാക്കി.