കോട്ടയം: വലവൂർ സർക്കാർ യു.പി. സ്‌കൂളിൽ പാലാ സെന്റ് തോമസ് കോളജ് ഉന്നത് ഭാരത് അഭിയാൻ സെല്ലും കരൂർ ഗ്രാമപ്പഞ്ചായത്തും സംയുക്തമായി ആരംഭിച്ച
ഔഷധോദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. സ്‌കൂളിലെ 15 സെന്റ് സ്ഥലത്താണ് ഔഷധതോട്ടം നിർമിച്ചത്. അയ്യപ്പാന, ഓരില, ഗരുഡക്കൊടി, കറ്റാർവാഴ, ഇലഞ്ഞി, ബ്രഹ്‌മി, പെപ്പർമിന്റ് തുളസി, നാഗദന്തി, ആര്യവേപ്പ്, ചെറൂള, മൂവില, മൈലാഞ്ചി, വയമ്പ്, ചെത്തി, അശോകം, ഉങ്ങ്, കച്ചോലം, കുമിഴ്, ചിറ്റരത്ത, കൊടുവേലി, കൂവളം, തിപ്പലി, നീർമരുത്, ചിറ്റാടലോടകം, നീലയമരി, നെല്ലി, പനിക്കൂർക്ക, പതിമുഖം, ബ്രഹ്‌മി, ചുവന്ന മന്ദാരം, വിളാർ മരം, ശംഖുപുഷ്പം, കറിവേപ്പ് തുടങ്ങി മുപ്പതിലധികം ഔഷധ സസ്യങ്ങളാണ് തോട്ടത്തിലുള്ളത്.

ജലജീവൻ മിഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിൽ ആരംഭിച്ച ജലശ്രീ ക്ലബ്ബിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജുവും സ്‌കൂൾ സീഡ് ക്ലബ്ബ് തയാറാക്കിയ ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം പാലാ വിദ്യാഭ്യാസ ജില്ല ഓഫീസർ കെ. ജയശ്രീയും നിർവഹിച്ചു.

നാഗാർജുന ആയുർവേദിക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഔഷധ സസ്യങ്ങളുടെ പേരെഴുതിയ ബോർഡുകൾ സ്ഥാപിച്ചു. കരൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി മുണ്ടത്താനത്ത് ചടങ്ങിൽ അധ്യക്ഷനായി. കരൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സീന ജോൺ, ജലജീവൻ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡാന്റിസ് കൂനാനിക്കൽ, രാമപുരം എ.ഇ.ഒ. കെ.ജോസഫ്, ഉന്നത് ഭാരത് അഭിയാൻ കോ-ഓർഡിനേറ്റർ ഡോ. എം. രതീഷ്, പ്രധാനധ്യാപകൻ എൻ.വൈ. രാജേഷ് എന്നിവർ പങ്കെടുത്തു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും തൊടുപുഴ നാഗാർജ്ജുന ആയുർവേദ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് ‘വിദ്യാലയങ്ങളിൽ ഒരു ഔഷധോദ്യാനം’ പദ്ധതി വഴി ഔഷധത്തോട്ടം നിർമിച്ചത്.