സംസ്ഥാനങ്ങളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജലശക്തി അഭിയാന്‍ ക്യാച്ച് ദ റെയ്ന്‍ 2022 ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രസംഘം ജില്ലയിലെത്തി. ജില്ലകളിലെ വിവിധ ജലസംരക്ഷണ വിതരണ പ്രവര്‍ത്തനങ്ങള്‍ സംഘാംഗങ്ങള്‍ നേരിട്ട് വിലയിരുത്തി. കേന്ദ്രതൊഴില്‍ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി.എസ്. റാവു, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി സീനിയര്‍ സയന്റിസ്റ്റ് വെങ്കിട്ട രമണ എന്നിവരാണ് ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. എ.ഡി.എം. എന്‍.ഐ. ഷാജു, ജലശക്തി അഭിയാന്‍ നോഡല്‍ ഓഫീസറും, ഭൂജല വകുപ്പ് ജില്ലാ ഓഫീസറുമായ ഡോ. ലാല്‍ തോംസണ്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ഭൂജല വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ സുജിത് കാന്ത് എന്നിവര്‍ ജില്ലയിലെ ജലശക്തി അഭിയാന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മൂന്ന് ദിവസങ്ങളിലായി ചോലപ്പുറം പച്ചത്തുരുത്ത് സംരക്ഷണം, പൂക്കോട് തടാകം, വൈത്തിരിയിലെ എന്‍ ഊര് പദ്ധതിക്ക് വേണ്ടി വികസിപ്പിച്ച നീരുറവ, പെരുന്തട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഭൂജല വകുപ്പ് സ്ഥാപിച്ചിട്ടുള്ള മേല്‍ക്കൂര മഴവെള്ള റീചാര്‍ജ് സ്ട്രക്ച്ചര്‍, പന്നിമുണ്ട പുഴക്കര സംരക്ഷണം, പാതിരിപ്പാലം നീര്‍ത്തട വികസനം, മണിവയല്‍ പുഴയോര സംരക്ഷണം, മാനികാവ് പച്ചത്തുരത്ത് സംരക്ഷണം, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ്, അമ്പലവയല്‍ ആര്‍ എ ആര്‍ എസ്, കെ.വി.കെ എന്നിവടങ്ങളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കേന്ദ്ര സംഘം സന്ദര്‍ശിച്ചു. ചൂതുപാറ പുണ്യവന പദ്ധതി പ്രദേശത്ത് കേന്ദ്ര സംഘം വൃക്ഷത്തൈ നട്ട് ജലശക്തി പ്രവര്‍ത്തനങ്ങളില്‍ പങ്ക് ചേര്‍ന്നു. തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി അമൃദ് സരോവര്‍ നൂല്‍പ്പുഴ വനത്തില്‍ നിര്‍മ്മിക്കുന്ന കുളം, സുല്‍ത്താന്‍ ബത്തേരിയിലെ കണ്ടം ചിറകുളം എന്നിവടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ജലശക്തി അഭിയാന്‍ പദ്ധതിയില്‍ പങ്കാളിത്തം വഹിക്കുന്ന എന്‍.ഐ.സി, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എ, മൈനര്‍ ഇറിഗേഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍, മണ്ണ് സംരക്ഷണ വകുപ്പ്, ഭൂജല വകുപ്പ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോഡ്, കൃഷി വകുപ്പ്, കെ.വി.കെ, ആര്‍.എ.ആര്‍.എസ് തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നും സംഘം വിവരശേഖരണം നടത്തി.
ജില്ലാകളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. വര്‍ദ്ധിച്ചുവരുന്ന ജലവിനിയോഗം, കാലാവസ്ഥാ വ്യതിയാനത്തില്‍ വിവിധ വകുപ്പുകളുടെ സംയോജിത ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി എന്നിവ കേന്ദ്ര സംഘം വിശദീകരിച്ചു. ജലശക്തി അഭിയാന്‍ തുടര്‍ നിരീക്ഷണങ്ങള്‍ക്കും, വിലയിരുത്തുന്നതിനുമായി ഈ വര്‍ഷം വീണ്ടും കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തും. നെഹ്രു യുവകേന്ദ്രയാണ് ജില്ലയിലെ ജലശക്തി കേന്ദ്രത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.