സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകളിൽ ഈ അധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബി.എസ്.സി. നഴ്സിംഗ് കോഴ്സാണ് ആരംഭിക്കുന്നത്. ഓരോ മെഡിക്കൽ കോളേജിലും 60 വിദ്യാർത്ഥികൾ വീതം 120 പേർക്ക് ഈ ബാച്ചിൽ പ്രവേശനം നൽകും. കോഴ്സ് കാലാവധി 4 വർഷവും തുടർന്ന് ഒരു വർഷം ഇന്റേഷണൽഷിപ്പും ലഭിക്കും. അങ്ങനെ 5 വർഷമാകുമ്പോൾ 600 പേർക്കാണ് അവസരം ലഭിക്കുന്നത്. ഇത് ആരോഗ്യ മേഖലയ്ക്ക് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. പുതിയ നഴ്സിംഗ് കോളേജുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
നഴ്സിംഗ് കോളേജുകൾ ആരംഭിക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ എത്രയും വേഗമൊരുക്കാൻ മന്ത്രി നിർദേശം നൽകി. ഹോസ്റ്റൽ സൗകര്യങ്ങളുൾപ്പെടെ അടിയന്തരമായി സജ്ജമാക്കേണ്ടതാണ്. നഴ്സിംഗ് കോളേജുകൾ പ്രവർത്തിക്കാനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതാണ്. ഈ നഴ്സിംഗ് കോളേജുകളുടെ മേൽനോട്ടത്തിനായി തിരുവനന്തപുരം നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സലീന ഷായെ സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തുകയും ചെയ്തു.
രണ്ട് മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആരംഭിക്കാൻ കഴിഞ്ഞ ദിവസമാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. പ്രാഥമിക നടപടികൾ ചർച്ച ചെയ്യാനാണ് തൊട്ടടുത്ത ദിവസം തന്നെ യോഗം വിളിച്ചത്.
ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദ്, ജെ.ഡി.എൻ.ഇ., കൊല്ലം, മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.