പെരുവന്താനം പഞ്ചായത്തിൻ്റെയും ഐസിഡി എസിൻ്റെയും ആഭിമുഖ്യത്തിൽ മലാല യൂസഫ്‌സായ് ദിനാചരണം സംഘടിപ്പിച്ചു. കണയങ്കവയൽ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പെരുവന്താനം പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്തു. ഏറ്റവും പ്രായം കുറഞ്ഞ സമാധാന നൊബേൽ പ്രൈസ് ജേതാവായ മലാല യൂസഫ്സായ് വളർന്ന് വരുന്ന വിദ്യാർത്ഥിനികൾക്ക് പ്രചോദനം നൽകുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. ഐസിഡിഎസ് സൂപ്പർവൈസർ പ്രീനു അനിരുദ്ധൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തെ കുമാരി ക്ലബുകൾ വഴി വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുവാനും ശൈശവ വിവാഹങ്ങൾക്ക് തടയിടുവാനും വേണ്ടി വനിത ശിശു വികസന വകുപ്പ് നിരവധി പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. സ്കൂൾ കൗൺസിലർ അനു ജോസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ മനു വേഴമ്പത്തോട്ടം , സാഗി കോഓർഡിനേറ്റർ സുഹൈൽ വി. എ, അങ്കണവാടി വർക്കേഴ്സ് എന്നിവർ നേതൃത്വം നൽകി.