കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് രണ്ടാം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആര്‍. ശ്രീകുമാര്‍ നിര്‍വഹിച്ചു. ഇതോടെ 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 10 വാര്‍ഡിന് ഒരു നഴ്‌സ് എന്ന നിലയില്‍ സേവനം ലഭ്യമാക്കും. 292 കിടപ്പുരോഗികളുള്ള പഞ്ചായത്തില്‍ ഒരു പാലിയേറ്റീവ് കെയര്‍ യൂണിറ്റ് മാത്രമായി മുഴുവന്‍ രോഗികള്‍ക്കും സേവനം ലഭ്യമാക്കുന്നത് ഏറെ ശ്രമകരമായിരുന്നു. രണ്ടാം യൂണിറ്റിന്റെ വരവോടെ മാസം 16 സേവന പ്രവൃത്തി ദിനങ്ങള്‍ എന്നത് 32 ആക്കി വര്‍ദ്ധിപ്പിക്കാനാകും. മുന്‍കാലങ്ങളില്‍ വാടക വാഹനത്തിലാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ജില്ലാ പഞ്ചായത്ത് പുതിയ ആംബുലന്‍സ് അനുവദിച്ച് നല്‍കിയതും യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ സഹായകരമായി. ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ മാറ്റിവച്ചിട്ടുള്ളത്.

പടനിലം, പ്ലാവോലിക്കവല, വാളക്കയം, പൊന്‍കുന്നം ഹെല്‍ത്ത് സെന്ററുകളും ചിറക്കടവ് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി, മഞ്ഞപ്പള്ളിക്കുന്നേല്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ബാലഗോപാല്‍, നഴ്‌സുമാരായ ശരണ്യ ശശിധരന്‍, സി. ആര്‍. ഗീത, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.