ഔഷധി പുറത്തിറക്കിയ ഔഷധി കഞ്ഞി കിറ്റിന്റെ വിപണനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് കിറ്റ് ഏറ്റുവാങ്ങി. ദഹന വ്യവസ്ഥ മെച്ചപ്പെടുത്തുന്നത് ശരീരത്തെ ആരോഗ്യകരമായി തുടരാൻ സഹായിക്കുമെന്ന ആയുർവേദ തത്വത്തെ അടിസ്ഥാനമാക്കിയാണ് ഔഷധി കഞ്ഞി കിറ്റ് തയ്യാറാക്കിയിട്ടുള്ളത്. വരക്, എള്ള്, ഉലുവ, ഔഷധ കൂട്ട് എന്നിവ ചേർന്നതാണ് കഞ്ഞി കിറ്റ്. ഏത് പ്രായത്തിലുള്ളവർക്കും സുരക്ഷിതമായി ഉപയോഗിക്കാം. രാജ്യത്ത് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആയുർവേദ മരുന്ന് നിർമാണ സ്ഥാപനമാണ് ഔഷധി. കേരളത്തിനകത്തും പുറത്തുമുള്ള 1,000 ത്തിലധികം ഡീലർമാരിലൂടെ ഔഷധി കഞ്ഞി കിറ്റ് ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ ലഭ്യമാണ്. ഇതിനോടകം ഔഷധി കഞ്ഞി കിറ്റ് എല്ലാ ഡീലർമാരിലും ലഭ്യമാക്കിയിട്ടുണ്ട്. വിപണനോദ്ഘാടന പരിപാടിയിൽ ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്ജ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.