പന്നികളെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമെത്തിക്കുന്നതിന് നിരോധനം

കോട്ടയം: പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ സ്വൈന്‍ ഫീവർ ഫീവർ ബീഹാറിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികൾ, പന്നി മാംസം-മാംസ ഉത്പന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവ റോഡ്/ റെയിൽ/വ്യോമ/ കടൽമാർഗം കൊണ്ടുപോകുന്നതിനും വരുന്നതിനും ഒരു മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ദി പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് ഇൻഫെക്ഷിയസ് ആൻഡ് കൺടേജിയസ് ഡിസീസസ് ഇൻ അനിമൽസ് ആക്ട് സെക്ഷൻ 6(1) , 10 (1) എന്നിവ പ്രകാരമാണ് നടപടി. ചെക്‌പോസ്റ്റുകളിൽ ഇതു സംബന്ധിച്ച് നിർദേശം നൽകി.

മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്ത ജില്ലയായതിനാൽ അതീവ ആശങ്കയ്ക്ക് സാഹചര്യമില്ലെങ്കിലും ജില്ലയിലെ മുഴുവൻ പന്നിഫാമുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു. കേരളത്തിനകത്ത് ജില്ലയിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് പന്നി, പന്നി മാംസോത്പന്നങ്ങൾ കൊണ്ടു പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.