എച്ച്.ഐ.വി. പ്രതിരോധ സന്ദേശങ്ങൾ യുവജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസും ചേർന്ന് കോളജ് വിദ്യാർഥികൾക്കായി ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. ലോകയുവജനദിനത്തിനോടനുബന്ധിച്ച് ജൂലൈ 30 നു രാവിലെ 10 ന് കോട്ടയം ബി.സി.എം. കോളജിലാണ് ടാലന്റ് ഷോ നടക്കുക. ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്ന പ്രചാരണപരിപാടിയുടെ ഭാഗമായി നടക്കുന്ന ടാലന്റ്് ഷോയിൽ ജില്ലയിലെ കോളജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം.
വിദ്യാർഥികൾക്ക് ഒറ്റയ്ക്കോ കൂട്ടായോ പരിപാടി അവതരിപ്പിക്കാം. എച്ച്.ഐ.വി. പ്രതിരോധം, അണുബാധിതരോടുള്ള വിവേചനം, സാമൂഹികനിന്ദ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് ഗാനം, നൃത്തം, മോണോആക്ട്, ഹാസ്യാവതരണം, സ്‌കിറ്റ്, കഥാപ്രസംഗം, മൂകാഭിനയം തുടങ്ങിയ കലാരൂപങ്ങളിൽ ഏതെങ്കിലും അവതരിപ്പിക്കാം. രണ്ടു മുതൽ അഞ്ചു മിനിട്ടാണ് സമയം.
വിജയികൾക്ക് ഒന്നാം സമ്മാനമായി 4000 രൂപയും രണ്ടാം സമ്മാനമായി 3000 രൂപയും മൂന്നാം സമ്മാനമായി 2000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് ഓഗസ്റ്റ് 12 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ടാലന്റ് ഷോയിൽ മത്സരിക്കാൻ അവസരം ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ പേര്, വയസ്, പഠിക്കുന്ന കോളജ്, പങ്കെടുക്കുന്ന ഇനം എന്നീ വിശദാശംശങ്ങൾ demokottayam@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലൈ 25 നകം രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഓഫീസ് സമയത്ത് 7012043489 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം.