** അരുവിക്കരയിൽ പമ്പിങ് പൂർണ തോതിൽ
** ദുരിതാശ്വാസ ക്യാംപുകളിലടക്കം കുടിവെള്ളം ഉറപ്പുവരുത്തിയെന്നു വാട്ടർ അതോറിറ്റി
** വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്
** ശുചിത്വം ഉറപ്പാക്കി പകർച്ചവ്യാധി സാധ്യത ഒഴിവാക്കാൻ നിർദേശം
അരുവിക്കര ഡാമിൽ ചെളി നിറഞ്ഞതിനാൽ തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം
മുടങ്ങുമെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് വാട്ടർ
അതോറിറ്റി. അരുവിക്കരയിൽനിന്നു ജലവിതരണം പൂർണതോതിൽ നടക്കുന്നുണ്ടെന്നും
ദുരിതാശ്വാസ ക്യാംപുകളിലടക്കം കുടിവെള്ളമെത്തുന്നുണ്ടെന്ന്
ഉറപ്പുവരുത്തിയതായും വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജീനീയർ അറിയിച്ചു.
കുടിവെള്ളവും വൈദ്യുതിയും മുടങ്ങുമെന്നുള്ള തെറ്റായ പ്രചാരണം സമൂഹ
മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നു കളക്ടർ ഡോ. കെ.
വാസുകി പറഞ്ഞു. ഇത്തരം വ്യാജ മെസെജുകൾ പ്രചരിപ്പിക്കാതെ ദുരന്ത നിവാരണ
പ്രവർത്തനങ്ങളോടു സഹകരിക്കണമെന്നു കളക്ടർ അഭ്യർഥിച്ചു.
ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാംപുകളിലും ആറു മണിക്കൂർ ഇടവിട്ട്
മെഡിക്കൽ സംഘം പരിശോധന നടത്തണമെന്ന് കളക്ടർ ആരോഗ്യ വകുപ്പിനു നിർദേശം
നൽകി. ക്യാംപുകളുടേയും ടോയ്ലറ്റ് സംവിധാനങ്ങളുടേയും ശുചിത്വ നിലവാരം
മെഡിക്കൽ സംഘം പരിശോധിച്ചു സാക്ഷ്യപത്രം നൽകണം. ഇത് എല്ലാ ദിവസവും
വൈകിട്ട് അഞ്ചിനു മുൻപ് ജില്ലാ അടിയന്തര കാര്യ നിർവഹണ
കേന്ദ്രത്തിലെത്തിക്കണം.
ദുരിതാശ്വാസ ക്യാംപുകളുടെയും ടോയ്ലറ്റുകളുടേയും ശുചിത്വ നിലവാരം
ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കും കളക്ടർ നിർദേശം നൽകി. പ്രളയ ബാധിത
മേഖലകളിൽനിന്നു വെള്ളം ഇറങ്ങുമ്പോൾ മാലിന്യം അടിഞ്ഞു കൂടി പകർച്ചവ്യാധി
സാധ്യതയുള്ളതിനാൽ തദ്ദേശ സ്ഥാപനങ്ങൾ ഇവ ഉടൻ നീക്കം ചെയ്യണം. കൊതുകു
നിവാരണ പ്രവർത്തനങ്ങളടക്കം ഊർജിതമാക്കുന്നതിനും കളക്ടർ തദ്ദേശ
സ്ഥാപനങ്ങളിലെ ഹെൽത്ത് ഓഫിസർമാർക്കു നിർദേശം നൽകി.