സംസ്ഥാനത്ത് മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എന്നാൽ കോവിഡ്-19 മായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന മുൻകരുതൽ നടപടികൾ (മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ) ഈ രോഗത്തെ പ്രതിരോധിക്കുന്നിതിന് വേണ്ടിയും ശക്തമായി തുടരണം. ഇക്കാര്യത്തിൽ പൊതുജാഗ്രത ഉണ്ടാകണം. ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം ആശങ്കകൾ ദൂരീകരിക്കുന്നതിനും എം.എൽ.എ മാരുടെ സഹകരണവും ഇടപെടലുകളും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആലപ്പുഴയിൽ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണ്. റിസൾട്ട് വന്നു. ആദ്യ കേസിന്റ ഏറ്റവും അടുത്ത പ്രൈമറി കോൺടാക്ട് ആയ കുടുംബാംഗങ്ങളുടെ റിസൾട്ട് നെഗറ്റീവ് ആണ്. നിലവിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. കോൺടാക്ടിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
യൂറോപ്യൻ രാജ്യങ്ങളിൽ മങ്കിപോക്‌സ് എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി നിരീക്ഷണം ശക്തമാക്കി. ആദ്യ പോസറ്റീവ് കേസിൽ നിന്നുള്ള സാമ്പിൾ പരിശോധനയിൽ  West African Strain  ആണ് വൈറസ് വിഭാഗം എന്നാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് താരതമ്യേന പകർച്ച കുറവുള്ളതും മരണനിരക്ക് കുറവുള്ളതുമാണ്. മങ്കി പോക്‌സുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നതായും മന്ത്രി പറഞ്ഞു.