യുവജനങ്ങൾക്ക് വ്യത്യസ്ത തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നേടാൻ അവസരമൊരുക്കി കുടുംബശ്രീ. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതി വഴിയാണ് വൈവിധ്യമാർന്ന പുതുതലമുറ കോഴ്‌സുകൾ നടപ്പാക്കുന്നത്. കൂടാതെ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം ലക്ഷ്യമിട്ടു കൊണ്ടുള്ള റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതിയായ യുവകേരളം വഴിയും കോഴ്‌സുകൾ നടത്തുന്നുണ്ട്.

ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ സ്‌പെഷ്യലിസ്റ്റ്, അഡ്വാൻസ്ഡ് എംബഡഡ് ടെക്‌നോളജി, സോഫ്റ്റ്‌വെയർ ഡെവലപ്പർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, ജ്വല്ലറി റീട്ടെയ്ൽ മാനേജ്‌മെന്റ്, വെബ് ഡിസൈനിങ്ങ് ആൻഡ് പബ്‌ളിഷിങ്ങ് അസിസ്റ്റന്റ് എന്നിവ ഉൾപ്പെടെ തൊണ്ണൂറിലേറെ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പരിപാടികളിൽ പങ്കെടുക്കാനുളള അവസരമാണ് ഇതു വഴി ലഭിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തങ്ങൾക്കിഷ്ടമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾ തിരഞ്ഞെടുക്കാനും പഠിക്കാനും അവസരമില്ലാത്ത യുവജനങ്ങൾക്ക് ഏറെ സഹായകരമാകുന്നതാണ് പദ്ധതികൾ.

ഗ്രാമീണമേഖലയിലെ 18നും 35നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് പദ്ധതികളിൽ ചേരാനാകും. വനിതകൾ, പ്രാക്തന ഗോത്രവർഗക്കാർ, അംഗപരിമിതർ, ട്രാൻസ്‌ജെൻഡർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്ക് 45 വയസുവരെ ഇളവു ലഭിക്കും. ഇരു പദ്ധതികളുടെ കീഴിലും എട്ടാം ക്‌ളാസ് മുതൽ ബിരുദം, ഐ.ടി.ഐ, ഡിപ്‌ളോമ യോഗ്യതയുളളവർക്ക് അനുയോജ്യമായ കോഴ്‌സുകളുണ്ട്.  മൂന്നു മാസം മുതൽ ആറുമാസം വരെയാണ് കോഴ്‌സുകളുടെ കാലാവധി. ഗുണഭോക്താക്കൾക്ക് തങ്ങളുടെ താൽപര്യം അനുസരിച്ചുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാനുള്ള  എല്ലാ പിന്തുണയും പദ്ധതി വഴി ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലന കാലത്ത് പഠനോപകരണങ്ങളും യൂണിഫോമും സൗജന്യമായി നൽകും. കൂടാതെ സൗജന്യ ഹോസ്റ്റൽ സൗകര്യവുമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും മികച്ച സാങ്കേതിക സജ്ജീകരണങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഉൾപ്പെടെ 124 പഠനകേന്ദ്രങ്ങളും സജീവമാണ്.

കോഴ്‌സുകളുടെ വിശദാംശങ്ങൾ, ദൈർഘ്യം, പരിശീലനം ആരംഭിക്കുന്ന തീയതി, പരിശീലന ഏജൻസികൾ, കോഴ്‌സ് മൊബിലൈസർ, ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും പേരും ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ www.kudumbashree.org/courses എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
നിലവിൽ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി 61,439 പേർക്ക് നൈപുണ്യ പരിശീലനം നൽകാനും 44,158 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും സാധിച്ചിട്ടുണ്ട്. കൂടാതെ 177 പദ്ധതി നിർവഹണ ഏജൻസികളും കുടുംബശ്രീയുമായി സഹകരിക്കുന്നു.