ട്രാഫിക് സിഗ്‌നലിലെ ചുവന്ന വെട്ടം തെളിഞ്ഞപ്പോൾ വൈഗ നികേഷ്  ബ്രേക്കിൽ വിരലമർത്തി . വലത് ഭാഗത്തേക്ക് പോകാനുള്ള പച്ച വെളിച്ചം മിന്നിയതോടെ അക്ഷയ് വലത്തോട്ട് സൈക്കിൾ തിരിച്ചു.  കണ്ണൂർ നഗരത്തിലെ ട്രാഫിക് സിഗ്‌നലിലെ കാഴ്ചയല്ല ഇത്. കുട്ടികളെ ഗതാഗത നിയമങ്ങളെക്കുറിച്ച് ബോധവാൻമാരാക്കാൻ  ചാല ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഒരുക്കിയ ട്രാഫിക് പാർക്കാണിത്.
മോട്ടോർ വാഹന വകുപ്പാണ് നാല് റോഡുകൾ കൂടിച്ചേരുന്ന രീതിയിൽ പാർക്ക് നിർമിച്ചത്. സിഗ്‌നൽ, ദിശ സൂചകങ്ങൾ, അഞ്ച് സൈക്കിൾ, ഇരിപ്പിടങ്ങൾ എന്നിവയാണ് ഈ കവലയിൽ ഒരുക്കിയത്. പി ഇ ടി പിരിഡിൽ കുട്ടികൾ സൈക്കിളുമായി പാർക്കിലേക്കിറങ്ങും. സിഗ്‌നൽ വെളിച്ചം തെളിയുന്നതോടെ ഗതാഗത നിയമങ്ങൾ പാലിച്ച് മുന്നോട്ട് കുതിക്കും.  നിർദേശങ്ങൾ നൽകാൻ ട്രാഫിക് പൊലീസിന്റെ റോളിൽ കായികാധ്യാപകൻ എൻ കെ ജിമേഷും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും ഉണ്ടാകും. ഗതാഗത നിയമങ്ങൾ പാലിച്ചും പഠിച്ചും കുട്ടികൾ പാർക്കിലെ റോഡിലൂടെ സൈക്കിൾചവിട്ടും. പദ്ധതി നടപ്പായതോടെ റോഡ് നിയമങ്ങളും സുരക്ഷിത ഡ്രൈവിങ്ങും ചാല സ്‌കൂളിലെ കുട്ടികൾക്ക്  ഹൃദിസ്ഥമായി. സംസ്ഥാനത്ത് പാലക്കാട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ മാത്രമാണ് ഇത്തരമൊരു പാർക്കുള്ളത്. വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസും നൽകുന്നു. ഇതിനായി പ്രത്യേക മുറിയും ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ മറ്റ് വിദ്യാലയങ്ങളിലെ കുട്ടികൾക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്ന് പ്രധാനാധ്യാപകൻ കെ വി പ്രവീൺ കുമാർ പറഞ്ഞു.