പ്രവാസി ഭദ്രത-പേള്‍ പദ്ധതിയിലൂടെ ജില്ലയിലെ 272 പ്രവാസികള്‍ക്ക് ആദ്യ ഗഡു 4 കോടി 20 ലക്ഷം രൂപ വായ്പ അനുവദിച്ചു. നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ച് കുടുംബശ്രീ മുഖേന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംരഭകത്വ പദ്ധതിയായ പ്രവാസി ഭദ്രത-പേള്‍ നടപ്പാക്കുന്നത്.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്ത് ജോലി നഷ്ടപ്പെടുകയും തിരിച്ചു പോകാന്‍ സാഹചര്യമില്ലാതെയുമായ പ്രവാസികള്‍ക്ക് സ്വയം സംരഭങ്ങള്‍ തുടങ്ങുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സ്വയം സംരഭകത്വ പദ്ധതിയാണ് പ്രവാസി ഭദ്രത-പേള്‍ (പ്രവാസി എന്റര്‍പ്രണര്‍ഷിപ്പ് ഓഗ്മെന്റേഷന്‍ ആന്റ് റിഫോര്‍മേഷന്‍ ഓഫ് ലൈവ്‌ലിഹുഡ്) പദ്ധതി.

2 ലക്ഷം രൂപയാണ് ഒരു വ്യക്തിക്ക് സംരംഭത്തിന് വായ്പയായി അനുവദിക്കുന്നത്. ജില്ലാതല അപ്രൂവല്‍ കമ്മിറ്റി ഓരോ പദ്ധതികളും പരിശോധിച്ച് പരമാവധി രണ്ട് ലക്ഷം രൂപ വരെയുള്ള തുക വായ്പയായി അനുവദിച്ച് സി.ഡി.എസ്സുകള്‍ വഴി തുക വിതരണം ചെയ്യുന്നത്. പദ്ധതി തുടങ്ങിയതിന് ശേഷം ഫീല്‍ഡ് തല വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച് രണ്ടാം ഗഡു അനുവദിക്കും. പലിശരഹിത വായ്പയാണ് പ്രവാസി ഭദ്രത പദ്ധതി. വ്യവസായ മേഖലയിലെ സ്വയം സംരംഭങ്ങള്‍ക്ക് പുറമേ കാര്‍ഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും സ്വയം സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രവാസി ഭദ്രത പദ്ധതിയിലൂടെ കഴിയും. കോവിഡ് മൂലം വിദേശത്ത് നിന്നും തിരിച്ചു വന്ന പ്രവാസികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നു. തിരിച്ചു വന്ന പ്രവാസികള്‍ക്ക് കേരളത്തില്‍ സംരംഭം ആരംഭിക്കുന്നതിന് നിലവില്‍ ഉണ്ടായിരുന്ന പദ്ധതികള്‍ക്ക് പുറമെയാണ് നോര്‍ക്ക റൂട്ട്‌സ് വഴി പ്രവാസി ഭദ്രത പേള്‍ പോലുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. 2 വര്‍ഷമാണ് വായ്പ തിരിച്ചടവ് കാലാവധി. 3 മാസം മൊറട്ടോറിയം ലഭിക്കും.