ലൈഫ് 2020 പദ്ധതി പ്രകാരമുള്ള രണ്ടാം അപ്പീല്‍ തീര്‍പ്പാക്കിയതിനുശേഷമുള്ള പട്ടിക ഇന്ന് (ജൂലൈ 22) എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പ്രസിദ്ധീകരിക്കും. കരട് ലിസ്റ്റില്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തിലുള്ള ഒന്നാം അപ്പീലും ജില്ലാ കലക്ടര്‍ക്കുളള രണ്ടാം അപ്പീലും പരിഗണിച്ച് അര്‍ഹരായ ആളുകളെ ഉള്‍പ്പെടുത്തിയ ശേഷമുള്ള ലിസ്റ്റാണ് പ്രസിദ്ധീകരിക്കുന്നത്. വയനാട് ജില്ലയില്‍ 550 ഓളം ആളുകളാണ് ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിച്ചത്. ജില്ലാ കളക്ടര്‍ നിയോഗിച്ച ജില്ലാതല ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലുള്ള ടീമാണ് രണ്ടാം അപ്പീല്‍ പരിശോധിച്ചു തീര്‍പ്പാക്കിയത്. ജില്ലയില്‍ ഭൂമിയുള്ള ഭവന രഹിതരുടെ ലിസ്റ്റില്‍ 16,936 പേരും ഭൂരഹിത ഭവനരഹിതരായി 5,801 പേരുമാണ് അര്‍ഹത ലിസ്റ്റില്‍ ഇടം പിടിച്ചത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആഗസ്റ്റ് 5നകം ഗ്രാമസഭ വിളിച്ചുചേര്‍ത്ത് ഈ ലിസ്റ്റിന് അംഗീകാരം നേടുകയും തുടര്‍ന്ന് ആഗസ്റ്റ് 10 നകം വിളിച്ചു ചേര്‍ക്കുന്ന ഭരണസമിതി യോഗത്തില്‍ അംഗീകാരം നേടുകയും ചെയ്ത ശേഷം അന്തിമ പട്ടിക ആഗസ്റ്റ് 16 ന് പ്രസിദ്ധീകരിക്കും.