കുന്നംകുളം തുറക്കുളം മാര്‍ക്കറ്റില്‍ ആരംഭിക്കാനിരിക്കുന്ന ആധുനിക അറവുശാല ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കാന്‍ നഗരസഭ. ഇതിന്റെ ഭാഗമായി വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മലബാര്‍ മീറ്റ്സ് അറവുശാല, ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘം സന്ദര്‍ശിച്ചു. കുന്നംകുളത്തെ അറവുശാല നല്ല രീതിയില്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം. അറവുശാല ആധുനികമാക്കി മികച്ച ഫ്രീസര്‍ പ്ലോട്ടുകള്‍ സജ്ജീകരിക്കുന്നതോടെ അറവു മാംസങ്ങളിൽ ഉണ്ടാകുന്ന ബാക്ടീരിയയെ ചെറുക്കാനാകും. മാംസം പ്രത്യേകം സ്ളോട്ടറുകളിലായി ശാസ്ത്രീയമായി മുറിച്ച് നിശ്ചിത സമയം വെച്ച് അതിലെ ബാക്ടീരിയകളെ നശിപ്പിച്ച ശേഷമാണ് പോഷക സമ്പുഷ്ടമാക്കുന്നത്. മാംസം 6 മുതല്‍ 12 മണിക്കൂര്‍ വരെ ഫ്രീസറില്‍ വെക്കാനായാല്‍ മികച്ച മാംസമായി മാറുമെന്നും മലബാര്‍ മീറ്റ്സ് അറവുശാല മേധാവികളായ ഡോ. മോഹന്‍, ഗുണനിലവാര പരിശോധകന്‍ ഡോ. മുനീര്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഡോ. നീതു എന്നിവര്‍ വ്യക്തമാക്കി. ഇതിനുള്ള സാധ്യതയും നഗരസഭ സംഘം പഠച്ചു.

ആധുനിക യന്ത്രസഹായത്തോടെ മാംസം മുറിക്കല്‍, എല്ലുകള്‍ നീക്കം ചെയ്യല്‍, അറവുമാലിന്യങ്ങള്‍ വേര്‍തിരിക്കല്‍ എന്നിവയെല്ലാം വളരെ വേഗത്തില്‍ ചെയ്യാനാകും. അറവ് മാലിന്യം വിവിധ ഘട്ടങ്ങളിലൂടെ നീക്കം ചെയ്ത് ഡ്രൈനേജ് സംവിധാനത്തിലേയ്ക്ക് നീക്കുന്നതും സംഘം നേരിട്ട് പരിശോധിച്ചു. തുടര്‍ന്ന് മാലിന്യം വളമാക്കുന്ന പ്ലാന്റും സംഘം സന്ദര്‍ശിച്ചു. കോഴി മാലിന്യത്തില്‍ നിന്ന് മീനുകള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നതിനെ കുറിച്ചും അറവുമാലിന്യങ്ങളില്‍ നിന്ന് വളം ഉല്‍പാദനം, ഇവയുടെ വിപണി എന്നിവയെ കുറിച്ചും മലബാര്‍ മീറ്റ്സ് മേധാവികള്‍ വിശദീകരിച്ചു. പോത്ത്, ആട് എന്നിവ മുറിക്കുന്നതിന് വ്യത്യസ്ത അളവിലുള്ള സ്ലോട്ടര്‍ ഏരിയകള്‍, ഓരോന്നിനും പ്രത്യേകം തൊഴിലാളികള്‍ എന്നിവ വേണം. ഇതിനൊപ്പം അഗ്രികള്‍ച്ചര്‍, നഴ്സറി, മുയല്‍ വളര്‍ത്തല്‍ പോലുള്ള പദ്ധതികൾ നടപ്പാക്കാനുള്ള സാധ്യതയും സംഘം മനസിലാക്കി.