കേരളത്തിലെയും ക്യൂബയിലെയും സർവകലാശാലകൾ തമ്മിൽ അക്കാദമിക് സഹകരണത്തിലേർപ്പെടാൻ ധാരണയായി. ക്യൂബൻ അംബാസിഡർ അലെജാൻഡ്രോ സിമൻകാസ് മാറിൻ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദുവുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
സർവകലാശാലകളിൽ വിദ്യാർഥികളുടെ ട്വിന്നിങ് പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതടക്കം കേരളവും ക്യൂബയും തമ്മിലുള്ള സഹകരണ പദ്ധതികൾക്കാവശ്യമായ രൂപരേഖ തയാറാക്കി ക്യൂബൻ ഹൈ കമ്മീഷണർക്ക് സമർപ്പിക്കുമെന്ന് മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ നെതർലൻഡ്സ് മുൻ അംബാസിഡർ വേണു രാജാമണി, സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം പി. കെ. ബിജു തുടങ്ങിയവർ പങ്കെടുത്തു.