ഏറെ പ്രതിസന്ധിയിലായിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ വികസനപ്രവർത്തികൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പൂർത്തീകരണത്തിലേക്ക്. വാഴൂർ സോമൻ എംഎൽഎയുടെയും ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻെറയും നേതൃത്വത്തിൽ നടന്ന നിരന്തര അവലോക യോഗങ്ങളാണ് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. 10 അവലോകന യോഗങ്ങളാണ് ഏപ്രിൽ മുതൽ നടത്തിയത്. പീരുമേട് തോട്ടം മേഖലയിലെ പ്രധാന ആശുപത്രിയാണ് താലൂക്ക് ആശുപത്രി. സർക്കാർ ഡിസ്പെൻസറിയായിട്ടാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ആശുപത്രി വികസിപ്പിക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടർന്ന് 1988 മേയ് 27-നാണ് താലൂക്ക് ഹെഡ് ക്വോർട്ടേഴ്സ് ആശുപത്രിയാക്കി ഉയർത്തിയത്. തോട്ടം മേഖലയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ പീരുമേട് താലൂക്ക് ആശുപത്രിയുടെ വികസനം ആവശ്യമായിരുന്നു.
പൊതുജനങ്ങളുടെയും സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രസവവാർഡും ഓപ്പറേഷൻ തീയേറ്ററും പണിയാൻ അനുമതി ലഭിച്ചത്. വാഴൂർ സോമൻ എംഎൽഎയുടെയും ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻെറയും നേതൃത്വത്തിൽ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത അവലോകന യോഗങ്ങൾ നിർമാണ പ്രവർത്തികൾ കൂടുതൽ ഊർജിതമാക്കി. 4 മാസങ്ങൾക്കുള്ളിൽ മികച്ച രീതിയിലാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്.
ഐപി വാർഡ്, മേറ്റേണിറ്റി റൂം, ഓപ്പറേഷൻ തിയേറ്റർ എന്നിവ പൂർത്തിയായി. മേറ്റേണിറ്റി റൂമിലേക്കുള്ള ഉപകരണങ്ങൾ എൻഎച്ച്എം സഹായത്തോടെ ലഭ്യമാക്കി. കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സഹായത്തോടെ ഇടുക്കി മെഡിക്കല്‍ കോളേജിലെ ബ്ലഡ് സെന്ററുമായി ബന്ധിപ്പിച്ചുകൊണ്ട് താലൂക്ക് ആശുപത്രിയില്‍ ആരംഭിക്കുന്ന ബ്ലഡ് സ്റ്റോറേജ് യൂണിറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രസവ വാർഡ് ഇല്ലാതിരുന്നത് ഏറെ പ്രതിസന്ധിയായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി ഉദ്‌ഘാടന തീയതി ഉടൻ നിശ്ചയിക്കുമെന്ന് അവലോകന യോഗത്തിൽ വാഴൂർ സോമൻ എംഎൽഎ അറിയിച്ചു. 35 ബെഡ് ആണ് പ്രസവ വാർഡിൽ സജ്ജമാക്കിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിലാണ് ലേബർ വാർഡിന്റെ പ്രവൃത്തികൾ ചെയ്തത്. ആശുപത്രയിൽ മെഡിക്കൽ ബോർഡ് പ്രവർത്തനം ആരംഭിച്ചു. ഇതുവരെ 36 ഡിസബിലിറ്റി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മികച്ച രീതിയിൽ നിർമ്മാണ പ്രവർത്തികൾ ക്രോഡീകരിച്ച ആശുപത്രി സൂപ്രണ്ട് ഡോ. അനന്ത് എം നെ യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു.
യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ്, ജില്ലാ പ്രോഗ്രാം ഓഫിസർ ഡോ. അനൂപ് കെ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനന്ത് എം, പി ഡബ്ള്യൂഡി എൻജിനിയർ, ബിൽഡിങ് ഇലക്ട്രിക്കൽ എൻജിനിയർ, എൻഎച്ച്എം എൻജിനിയർ, ജോയിന്റ് ആർടിഒ, എൻഎച്ച്എം ബയോമെഡിക്കൽ എൻജിനിയർ തുടങ്ങിയവർ പങ്കെടുത്തു.