കേന്ദ്രകൃഷി മന്ത്രാലയവും സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി കഴിഞ്ഞ സീസണില്‍ നടപ്പാക്കിയ കാലാവസ്ഥാ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ നഷ്ടപരിഹാരം അനുവദിച്ചു. പദ്ധതിയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി 30 കോടി രൂപ അനുവദിച്ചതായി അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു. ഈ തുക ഉടന്‍തന്നെ കര്‍ഷകരുടെ അകൗണ്ടുകളിലേക്ക് എത്തും.
വായ്പ എടുത്ത കര്‍ഷകര്‍ അതത് ബാങ്കുകളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുകയുടെ വിതരണം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. റാബി 2021 സീസണിലെ നഷ്ടപരിഹാരത്തുകയായ 50 കോടി രൂപ നഷ്ടപരിഹാര കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് അതിന്റെ വിതരണവും നടക്കും. ഈ സീസണിലെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഈ മാസം 31 വരെ കര്‍ഷകര്‍ക്ക് ചേരാം.
www.pmfby.gov.in വഴി ഓണ്‍ലൈന്‍ ആയും സി.എസ്.സി ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍, അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികള്‍ വഴിയും കര്‍ഷകര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. ആധാര്‍ കാര്‍ഡ്, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടകരാര്‍ എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ല് കൃഷിയും എല്ലാ ജില്ലകളിലെ വാഴ, മരച്ചീനി എന്നീ കൃഷികളുമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.
കാലാവസ്ഥാ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നെല്ല്, വാഴ, കുരുമുളക്, മഞ്ഞള്‍, കവുങ്ങ്, പച്ചക്കറികളായ പടവലം, പാവല്‍, പയര്‍, കുമ്പളം, മത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ വിളകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ശക്തിയായ കാറ്റ് എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങള്‍ക്ക് വ്യക്തിഗത ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. പദ്ധതിയില്‍ ഓരോ വിളകള്‍ക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കും. ബാക്കി തുക കര്‍ഷകര്‍ അടയ്ക്കണം. വിജ്ഞാപിത വിളകള്‍ക്കാണ് ആനുകൂല്യം നല്‍കുക.