മഴക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഉത്തരവായി. മഴയും പ്രളയവും ദുരിതം സൃഷ്ടിച്ച മേഖലകളിൽ ഭക്ഷണത്തിന്റേയും കുടിവെള്ളത്തിന്റേയും ഏകോപനം വനം പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണുവിനും പി. ഡബ്‌ളിയു. ഡി പ്രിൻസിപ്പൽ സെക്രട്ടറി കമൽവർദ്ധൻ വി. റാവുവിനുമാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്ന രക്ഷാപ്രവർത്തകരുടെയും സേനയുടെയും വിന്യാസത്തിന്റേയും ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാരുമായി ഏകോപനം നടത്തുന്നതിന്റേയും ചുമതല ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജ്യോതിലാലിനും ഊർജ സെക്രട്ടറി സഞ്ജയ് കൗളിനുമാണ്. ദുരിതാശ്വാസ ക്യാമ്പുകളും അനുബന്ധ പ്രവർത്തനങ്ങളും സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായി ഏകോപനം നടത്തുന്നതിന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവനെ സർക്കാർ ചുമതലപ്പെടുത്തി.