ചാലക്കുടി മണ്ഡലത്തിലെ റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസവുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ഇതുമായി ബന്ധപ്പെട്ട് സനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചാലക്കുടി ദേശീയപാതയിലെ അടിപ്പാത നിര്‍മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത സാഹചര്യത്തില്‍ നിലവിലെ കരാറുകാരനെ മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

കരാര്‍ പ്രകാരം ആഗസ്തില്‍ പൂര്‍ത്തീകരിക്കേണ്ട പണി ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 24ന് കരാറുകാരന് നോട്ടീസ് നല്‍കിയിരുന്നു. പുതിയ കരാറുകാരനെ ജോലി ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പദ്ധതി പ്രദേശത്തെ റോഡിലെ കുഴികള്‍ അടയ്ക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കാനും യോഗം ദേശീയ പാത അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ചാലക്കുടി-ആനമല പാതയില്‍ പകല്‍സമയത്ത് നിര്‍മാണ പ്രവൃത്തികള്‍ നല്ല രീതിയില്‍ നടക്കാത്ത സാഹചര്യത്തില്‍ രാത്രി സമയത്ത് കൂടി പ്രവൃത്തി നടത്തിയ നിര്‍മാണം വേഗത്തിലാക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വന്യജീവി ആക്രമണ സാധ്യത കണക്കിലെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രവൃത്തി പ്രദേശത്ത് ഉണ്ടാവണം. ഇതിനുള്ള സൗകര്യമൊരുക്കാന്‍ ചാലക്കുടി ഡിഎഫ്ഒയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

മുരിങ്ങൂര്‍-ഏഴാറ്റുമുഖം, ചാലക്കുടി-മോതിരക്കണ്ണി, പൂവത്തിങ്കല്‍- വേളൂക്കര തുടങ്ങിയ റോഡുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനായി കൂടുതല്‍ സര്‍വേയര്‍മാരുടെ സേവനം ലഭ്യമാക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ഇരിങ്ങാലക്കുട ആര്‍ഡിഒ എച്ച് ഹരീഷ്, വാഴച്ചാല്‍ ഡിഎഫ്ഒ ആര്‍ ലക്ഷ്മി, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ പി കെ ഷാലി, അതിരപ്പിള്ളി ട്രൈബല്‍വാലി പ്രൊജക്ട് നോഡല്‍ ഓഫീസര്‍ എസ് എസ് ശാലുമോന്‍, കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു പരമേശ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം ശ്രീനിവാസ്, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.