ആലപ്പുഴ: എന്‍.ടി.പി.സിയുടെ കായംകുളത്തെ 92 മെഗാവാട്ട് ശേഷിയുള്ള ഫ്‌ലോട്ടിംഗ് സോളാര്‍ വൈദ്യുത പദ്ധതി നാളെ (ജൂലൈ 30) വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തിന് സമര്‍പ്പിക്കും.

ഇതോടനുബന്ധിച്ച് രാവിലെ 11.30ന് എന്‍.ടി.പി.സിയില്‍ നടക്കുന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി, എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, യു. പ്രതിഭ, ജില്ലാ കളക്ടര്‍ ഡോ. ശ്രീരാം വെങ്കിട്ടരാമന്‍, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എന്‍.ടി.പി.സി. ജനറല്‍ മാനേജര്‍ എസ്.കെ. റാം തുടങ്ങിയവര്‍ പങ്കെടുക്കും.

450 ഏക്കര്‍ കായല്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ഫ്‌ലോട്ടിംഗ് സോളാര്‍ പദ്ധതി 92 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 450 കോടി രൂപയാണ് പദ്ധതി ചിലവ്. 2019ല്‍ തുടക്കം കുറിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്.

രാജ്യത്തെ രണ്ടാമത്തെ വലിയ ഫ്‌ളോട്ടിംഗ് സോളാര്‍ വൈദ്യുത പദ്ധതിയും സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയുമാണിതെന്ന് എന്‍.ടി.പി.സി ജനറല്‍ മാനേജര്‍ എസ്.കെ. റാം പറഞ്ഞു. തെലുങ്കാനയിലെ രാമഗുണ്ടം എന്‍.ടി.പി.സിയിലാണ് രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റ്. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും കെ.എസ്.ഇ.ബിക്കാണ് നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം സംഘടിപ്പിച്ച ഉജ്വല്‍ ഭാരത്, ഉജ്വല്‍ ഭവിഷ്യ പവര്‍ @ 2047 പരിപാടിയുടെ സമാപനവും നാളെ നടക്കും.