കാലോചിതമായ പരിഷ്‌കാരങ്ങള്‍ മാനസികാരോഗ്യ മേഖലയില്‍ ആവശ്യമാണെന്ന് ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയ്ക്കല്‍ ഗവ.ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീനില്‍ നവീകരിച്ച മെഡിക്കല്‍ ലബോറട്ടറിയുടെയും പുതിയതായി നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളിന്റെയും ഡോക്ടര്‍മാര്‍ക്ക് ഗവേഷണത്തിനുള്ള റിസര്‍ച്ച് റൂമിന്റെയും ഉദ്ഘാടനവും റിഹാബിലിറ്റേഷന്‍ വാര്‍ഡുകളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ശരീരത്തിന്റെ ആരോഗ്യം പോലെ വളരെ പ്രാധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യമെന്നും മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനും സംരക്ഷിക്കുന്നതിനും ആരോഗ്യവകുപ്പ് ഈ കാലഘട്ടത്തില്‍ വളരെയേറെ പദ്ധതികള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാനസികാരോഗ്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി ചികിത്സ കഴിഞ്ഞ ഒരാളുടെ പുനരധിവാസമാണ്. അതിന് പരിഹാരമായി സര്‍ക്കാര്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കേരളത്തിന്റെ ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം കോട്ടയ്ക്കല്‍ ഗവ.ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ എന്ന സ്ഥാപനം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും മാനസികാരോഗ്യവുമായുള്ള സുപ്രധാനമായ ഇടപെടലുകള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും സോഷ്യല്‍ റിസര്‍ച്ച് ഉള്‍പ്പെടെയുള്ള എല്ലാവിധ സാധ്യതകളും ഈ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ഉണ്ടാവാന്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കോട്ടക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കെ.പി.എ. മജീദ് എം.എല്‍.എ അധ്യക്ഷനായി. ആശുപത്രിയുടെ മാസ്റ്റര്‍പ്ലാന്‍ എം.എല്‍.എ മന്ത്രിക്ക് നല്‍കി പ്രകാശനം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ എം.പി. പാര്‍വ്വതിദേവി റിപ്പോര്‍ട്ട് അവതരണം നടത്തി. ജില്ലാകലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ ടീച്ചര്‍, എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം. ബഷീര്‍, വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗം പി.ഐ ജെസീന, എടരിക്കോട് ഗ്രാമപഞ്ചായത്തംഗം സി.ടി. അഷ്‌റഫ്, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇസ്മായില്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. കബീര്‍, കോട്ടക്കല്‍ വി.പി.എസ്.വി. ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ സി.വി. ജയദേവന്‍, എച്ച്.ഡി.എസ് അംഗങ്ങളായ സിറാജുദ്ദീന്‍, ഹനീഫ പുതുമന, ഗോപീകൃഷ്ണന്‍, സുരേഷ് കുമാര്‍, ശങ്കരന്‍, ജാഫര്‍ മാറാക്കര, ആലുക്കല്‍ കോയ തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ് ഡോ.സ്റ്റെല്ല ഡേവിഡ് സ്വാഗതവും സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഫ്രാന്‍സിസ് ജെ.ആറാടന്‍ നന്ദിയും പറഞ്ഞു.