പ്രളയക്കെടുതി രൂക്ഷമായ പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലേക്കു
തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 10 ലോഡ് അവശ്യ
സാധനങ്ങൾ അയച്ചു. കളക്ഷൻ സെന്ററുകൾ വഴി പൊതുജനങ്ങൾ, സ്ഥാപനങ്ങൾ, സംഘടനകൾ
എന്നിവയിൽനിന്നു ശേഖരിച്ചവയും എയർഫോഴ്‌സ് വിതരണത്തിന് എത്തിച്ചതും
ഉൾപ്പെടെയാണിത്.
നഗരത്തിൽ കോട്ടയ്ക്കകം പ്രിദയർശിനി ഹാൾ, വഴുതയ്ക്കാട് വിമൻസ് കോളജ്
എന്നിവിടങ്ങളിലാണ് ഇന്നലെ കളക്ഷൻ സെന്ററുകൾ തുറന്നു സാധനങ്ങൾ ശേഖരിച്ചത്.
പ്രിയദർശിനി ഹാളിലെ കളക്ഷൻ സെന്റർ ഇന്നു മുതൽ തമ്പാന്നൂർ എസ്.എം.വി.
സ്‌കൂളിലാണു പ്രവർത്തിക്കുന്നത്.
പ്രിയദർശിനി ഹാളിൽ ശേഖരിച്ച അവശ്യവസ്തുക്കൾ രണ്ടു ലോറികളിലായി രാവിലെ
പത്തനംതിട്ടയിലേക്ക് അയച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫഌഗ് ഓഫ്
ചെയ്തു. 37 പെട്ടി ബെഡ് ഷീറ്റ്, 18 പെട്ടി കുട്ടികളുടെ വസ്ത്രങ്ങൾ, ഒരു
പെട്ടി കൊതുകു തിരി, മൂന്നു പെട്ടി സ്ത്രീകളുടെ വസ്ത്രങ്ങൾ, 25 പെട്ടി
പുരുഷന്മാരുടെ വസ്ത്രങ്ങൾ, 10 പെട്ടി ടവ്വൽ, തോർത്ത്, 83 പെട്ടി
സ്‌നാക്‌സ്, 115 ചാക്ക് അരി, 25 പെട്ടി പയർ വർഗങ്ങൾ, ധാന്യങ്ങൾ, അഞ്ചു
പെട്ടി നൂഡിൽസ്, 18 പെട്ടി കുട്ടികളുടെ ഭക്ഷണം എന്നിവയാണു ഒരു ലോറിയിൽ
അയച്ചത്. 19 പെട്ടി സ്‌നാക്‌സ്, 31 ചാക്ക് അരി, ഒമ്പതു ചാക്ക് പഞ്ചസാര,
ഒരു ചാക്ക് ഉപ്പ്, അഞ്ചു പെട്ടി അച്ചാർ, രണ്ടു പെട്ടി പാൽപ്പൊടി,
മരുന്നുകൾ, 12 കെട്ട് പായ, രണ്ടു പെട്ടി കൊതുകു തിരി എന്നിവയാണു
രണ്ടാമത്തെ ലോറിയിൽ അയച്ചത്. ജില്ലാ കളക്ടർ ഡോ. കെ. വാസുകി, സബ് കളക്ടർ
ഇമ്പശേഖർ എന്നിവരും ഫഌഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. ഇതു കൂടാതെ നാലു ലോഡ്
സാധനങ്ങൾ കൂടി പത്തനംതിട്ട, ചെങ്ങന്നൂർ, ആലപ്പുഴ എന്നിവിടങ്ങളിലേക്ക്
അയച്ചിട്ടുണ്ട്.
വ്യോമസേന ഇന്നലെ ആക്കുളത്ത് എത്തിച്ച ഭക്ഷ്യ വസ്തുക്കൾ ജില്ലാ
ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഇന്നു രാവിലെ പത്തനംതിട്ടയിലേക്ക് അയച്ചു.
15 ടൺ അരി, 408 കിലോ തേയില, 96 ലാക്ടോജൻ, 2100 പാക്കറ്റ് ബിസ്‌കറ്റ്, 150
പാക്കറ്റ് ടൂത്ത് ബ്രഷ്, 120 വാഷിങ് സോപ്പ്, 500 കിലോ പഞ്ചസാര, 540 കിലോ
കാപ്പിപൊടി, 164 പാക്കറ്റ് പാൽപ്പൊടി, 96 പാക്കറ്റ് സെറിലാക്, 35 കലോ
ബോൺവിറ്റ, സ്റ്റീൽ പാത്രങ്ങൾ, സ്പൂണുകൾ, സാനിറ്ററി നാപ്കിൻ, ടീ പാൻ,
ടവ്വൽ, കപ്പുകൾ, ഹോർലിക്‌സ് തുടങ്ങിയവയാണു വ്യോമസേന
വിതരണത്തിനെത്തിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ്
ഇവയും അയച്ചത്. കളക്ടർ ഡോ. കെ. വാസുകി, സബ് കളക്ടർ കെ. ഇമ്പശേഖർ, എയർ
വൈസ് മാർഷൽ ബി. ചന്ദ്രശേഖർ, കമാൻഡന്റ് ഓർഗനൈസേഷൻ ഓഫിസ് ഗ്രൂപ്പ്
ക്യാപ്റ്റൻ പി. സിങ് ലാമ്പ, എയർഫോഴ്‌സ് വൈഫ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാധ
സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.